മനാമ – ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാന്‍ എണ്ണ ടാങ്കറിനു നേരെ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് യു.എസ് യുദ്ധവിമാനം വെടിയുതിര്‍ത്തതായി യു.എസ് സൈന്യം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക കരാറിലേക്ക് ഇരു രാജ്യങ്ങളും അടുക്കുന്നതിന്റെ സൂചനകള്‍ക്കിടയിലാണ് ഇറാന്‍ എണ്ണ ടാങ്കറിനു നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയത്. ഇറാനിലെ തുറമുഖത്തേക്ക് പോകുകയായിരുന്ന ടാങ്കറായ ഹസ്നാക്ക് യു.എസ് സേന നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയതായും ഉപരോധം ലംഘിക്കുകയാണെന്ന് അറിയിച്ചതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
ഒമാന്‍ ഉള്‍ക്കടലില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് സേന മെയ് 6 ന് ഇറാന്‍ തുറമുഖത്തേക്ക് പോകാന്‍ ശ്രമിച്ച ഇറാന്‍ പതാക വഹിച്ച എണ്ണ ടാങ്കര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചു. ഹസ്‌നാ എന്ന ടാങ്കറിലെ ജീവനക്കാര്‍ നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന്, വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണില്‍ നിന്ന് പറന്നുയര്‍ന്ന എഫ്/എ-18 സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനത്തില്‍ നിന്ന് 20 എം.എം പീരങ്കി ഉപയോഗിച്ച് യു.എസ് സേന ടാങ്കറിന്റെ നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തനരഹിതമാക്കി. ഇതോടെ ടാങ്കര്‍ ഇറാനിലേക്കുള്ള നീക്കം നിര്‍ത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്ന കരാറിലെത്തിയില്ലെങ്കില്‍ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നു.



