തെല്‍അവീവ് – പതിനേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍സുലാര്‍ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ധാരണയിലെത്തിയതായി വെനിസ്വേലയും ഇസ്രായിലും അറിയിച്ചു. പതിനേഴ് വര്‍ഷത്തെ നയതന്ത്ര ബഹിഷ്‌കരണം അവസാനിപ്പിക്കുന്ന നാടകീയമായ മാറ്റമാണിത്. ഗാസ മുനമ്പിലെ ഇസ്രായിലി സൈനിക നടപടികളില്‍ പ്രതിഷേധിച്ച് 2009 ല്‍ ആണ് വെനിസ്വേല ഇസ്രായിലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. ഇസ്രായിലിന്റെ ചരിത്രപരമായ സഖ്യകക്ഷിയായ അമേരിക്കയുമായി വെനിസ്വേല അടുപ്പം സ്ഥാപിക്കുന്നതിന്റെയും, ഇറാനുമായുള്ള പരമ്പരാഗത സഖ്യത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ നീക്കം.
കഴിഞ്ഞ ജൂണില്‍ ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങളെ തുടര്‍ന്ന് ഇസ്രായിലി മാനുഷിക പ്രതിനിധി സംഘം രാജ്യം സന്ദര്‍ശിച്ചെന്നും ഇരുവശത്തുനിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളാണ് നിലവിലെ കരാറിലേക്ക് നയിച്ചതെന്നും താല്‍ക്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള വെനിസ്വേലന്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
ഇസ്രായിലും വെനിസ്വേലയിലെ ജൂത സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം സ്ഥിരീകരിച്ച്, വെനിസ്വേലന്‍ സര്‍ക്കാര്‍ ഇസ്രായില്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. വെനിസ്വേലയിലെ ജൂത സമൂഹം രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സുപ്രധാന ചരിത്ര പാലമാണെന്ന് പ്രസ്താവന പറഞ്ഞു.
വര്‍ഷങ്ങളായി ഇറാന്‍ വെനിസ്വേലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഇരു രാജ്യങ്ങളും പൊതുവായ നിലപാട് പങ്കുവെക്കുകയും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ യു.എസ് ഇടപെടല്‍ നിരാകരിക്കുകയും ചെയ്തു. എന്നാല്‍ സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ വെനിസ്വേലയിലെ കാര്യങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം ജനുവരി മൂന്നിന് കമാന്‍ഡോ ഓപ്പറേഷനിലൂടെ മുന്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ഭാര്യ സിലിയ ഫ്ലോറസ് എന്നിവരെ പിടികൂടി യു.എസ് സൈന്യം അമേരിക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേല്‍ക്കുകയായിരുന്നു. അമേരിക്കയുമായി സഹകരിച്ചില്ലെങ്കിലും ശരിയായത് ചെയ്തില്ലെങ്കിലും ഡെല്‍സി റോഡ്രിഗസ് മഡുറോയേക്കാള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.







