ജെറുസലേം: ജെറുസലേമിൽ പുതിയതും സ്ഥിരവുമായ എംബസി സമുച്ചയം നിർമിക്കുന്നതിനുള്ള ഔദ്യോഗിക കരാറിൽ അമേരിക്കയും ഇസ്രായിലും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തകർക്കാനാകാത്ത സഖ്യത്തിന്റെ പ്രതിഫലനമാണ് ഈ നീക്കമെന്ന് ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ പ്രസിഡന്റ് കാലാവധിയിൽ, 2017 ഡിസംബറിലാണ് ജെറുസലേമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും എംബസി തെൽ അവീവിൽ നിന്ന് ജെറുസലേമിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തത്. എന്നാൽ, സ്ഥിരമായ ഒരു സ്ഥലം കണ്ടെത്തുന്നതുവരെ എംബസിയുടെ വിവിധ സേവനങ്ങൾ ജെറുസലേമിലെ വ്യത്യസ്ത കേന്ദ്രങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. തെക്കൻ ജെറുസലേമിലെ ചരിത്രപ്രസിദ്ധമായ അലൻബി കോമ്പൗണ്ടിലാണ് പുതിയ എംബസി സമുച്ചയം നിർമിക്കുന്നത്.
ഇസ്രായിൽ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന പ്രൗഢമായ ഒപ്പുവെക്കൽ ചടങ്ങിൽ ഇസ്രായിലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി പങ്കെടുത്തു. അമേരിക്ക ജെറുസലേമിനെ ജൂത ജനതയുടെ ശാശ്വതവും തദ്ദേശീയവുമായ തലസ്ഥാനമായി അംഗീകരിക്കുക മാത്രമല്ല, അതിനായി പ്രായോഗികമായി പ്രവർത്തിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജെറുസലേമിലെ മണ്ണിൽ ഉയരുന്ന പുതിയ സ്ഥിരം എംബസി സമുച്ചയം അമേരിക്കയുടെ നയതന്ത്ര പ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രമായി മാറും. 3800 വർഷങ്ങൾക്ക് മുമ്പ് ദൈവം എടുത്ത തീരുമാനമാണിതെന്നും, അമേരിക്ക രൂപപ്പെടുന്നതിനും എത്രയോ മുമ്പ് നിശ്ചയിക്കപ്പെട്ട ആ കാര്യത്തിന് ഇപ്പോൾ നമ്മൾ ഔദ്യോഗികമായി അംഗീകാരം നൽകിയെന്ന് മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, അമേരിക്ക ഇസ്രായിലിന് എത്രത്തോളം അനിവാര്യമാണോ, അത്രത്തോളം തന്നെ അമേരിക്കയുടെ പ്രാദേശിക താല്പര്യങ്ങൾക്ക് ഇസ്രായിലും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വാഷിംഗ്ടണിന്റെ സ്ഥിരം എംബസി ജെറുസലേമിൽ സ്ഥാപിക്കാനുള്ള ഈ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തെ അടിവരയിടുന്നതാണെന്ന് ഇസ്രായിൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ പറഞ്ഞു. 2017-ലെ ട്രംപിന്റെ ചരിത്രപരമായ തീരുമാനം യഥാർത്ഥ വസ്തുതകളെ ഉറപ്പിച്ചുനിർത്തുന്നതായിരുന്നുവെന്നും, പുതിയ സ്ഥിരം സമുച്ചയത്തിനായുള്ള ഇന്നത്തെ കരാറിലൂടെ ആ തീരുമാനം കൂടുതൽ ദൃഢവും ശാശ്വതവുമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായിലും ഒന്നിച്ച് പോരാടിയ പശ്ചാത്തലത്തിലാണ് ഈ പുതിയ എംബസി കരാർ വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പുതിയ നീക്കം ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഖ്യം കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്.
അതേസമയം, 2017-ൽ ട്രംപ് കൈക്കൊണ്ട ഈ തീരുമാനം പതിറ്റാണ്ടുകളായുള്ള അമേരിക്കൻ നയങ്ങളിൽ നിന്നുള്ള വലിയൊരു മാറ്റമായിരുന്നു. ജെറുസലേമിന്റെ അന്തിമ പദവി ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള സമാധാന ചർച്ചകളിലൂടെ മാത്രമേ തീരുമാനിക്കാവൂ എന്നായിരുന്നു മുൻ യു.എസ് നിലപാട്. ഇസ്രായിൽ-ഫലസ്തീൻ തർക്കങ്ങളിൽ ഏറ്റവും സങ്കീർണ്ണമായ വിഷയങ്ങളിലൊന്നാണ് ജെറുസലേം നഗരം.
1967-ലെ അറബ്-ഇസ്രായിൽ യുദ്ധത്തിൽ കിഴക്കൻ ജെറുസലേം പിടിച്ചെടുത്ത ശേഷം, നഗരം തങ്ങളുടെ അവിഭാജ്യ തലസ്ഥാനമാണെന്ന് ഇസ്രായിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ അവകാശവാദത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം ലഭിച്ചിട്ടില്ല. ഭാവി ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കിഴക്കൻ ജെറുസലേം മാറ്റണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം. ഈ തർക്കങ്ങൾ നിലനിൽക്കുന്നതുകൊണ്ട് തന്നെ ഭൂരിഭാഗം വിദേശരാജ്യങ്ങളും തങ്ങളുടെ എംബസികൾ തെൽ അവീവിലാണ് നിലനിർത്തിയിരിക്കുന്നത്. ജെറുസലേമിന്റെ പദവി ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിധേയമായി ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് അന്താരാഷ്ട്ര സമൂഹം പൊതുവെ നിലപാട് സ്വീകരിക്കുന്നത്.



