ദുബൈ– ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കെ, അഞ്ച് ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി മൂന്ന് ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രായിൽ യുദ്ധത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് എണ്ണ കയറ്റിയ കപ്പലുകൾ ഈ തന്ത്രപ്രധാന പാതയിലൂടെ പുറത്തുകടക്കുന്നത്. കപ്പലുകളുടെ ഗതാഗതം നിരീക്ഷിക്കുന്ന കെപ്ലർ എന്ന സ്ഥാപനമാണ് ഉപഗ്രഹ ചിത്രങ്ങൾ സഹിതം ഈ വിവരം പുറത്തുവിട്ടത്. അമേരിക്കയുടെ ഉപരോധപ്പട്ടികയിലുള്ള ഡീപ് സീ, സോണിയ 1, ഡയോണ എന്നീ കപ്പലുകളാണ് ബുധനാഴ്ച കടലിടുക്ക് കടന്നത്. ഏപ്രിൽ ആദ്യവാരം ഇറാനിലെ ഖാർഗ് ദ്വീപിൽ നിന്നും എണ്ണ നിറച്ച ഈ കപ്പലുകൾ ഏപ്രിൽ പത്തിന് ശേഷം ഹോർമുസ് കടന്നുപോകുന്ന ആദ്യ എണ്ണക്കപ്പലുകളാണെന്നും കെപ്ലർ സ്ഥിരീകരിച്ചു.
കപ്പലുകളുടെ കൃത്യമായ ലക്ഷ്യസ്ഥാനം വ്യക്തമല്ലെങ്കിലും, സിംഗപ്പൂർ തീരത്തെത്തിച്ച് അവിടെനിന്ന് മറ്റ് കപ്പലുകളിലേക്ക് എണ്ണ മാറ്റി ചൈനയിലേക്ക് എത്തിക്കാനാണ് നീക്കമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാർച്ചിലും സമാനമായ രീതിയിൽ ഈ കപ്പലുകൾ സിംഗപ്പൂരിൽ വെച്ച് എണ്ണ കൈമാറ്റം നടത്തിയതായി രേഖകളുണ്ട്. ചൈനയിലെ യാന്തായ്, ഡോങ്ജിയാക്കോ എന്നീ തുറമുഖങ്ങളിലേക്കാണ് മുൻപ് ഇവ എണ്ണ എത്തിച്ചിരുന്നത്. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ കർശനമായ നിയന്ത്രണങ്ങളാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്.



