കുവൈത്ത് സിറ്റി: ആഴ്ചകൾക്ക് മുമ്പ് കുവൈത്ത് സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് കുറ്റവാളികളെ തൂക്കിലേറ്റി. ജയിൽ ചാടിയ ഇവരെ സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണത്തിലൂടെ ഉടൻ തന്നെ പിടികൂടിയിരുന്നു. ഹസൻ സാലിം ആയിശ് അൽറശീദി, അലി മനാഹി മുഫ്‌റഹ് അൽസുബൈഇ, അഹ്‌മദ് മുഹമ്മദ് ഖാതിഅ് ഉബൈദ് എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അൽസ്വബാഹിന്റെ സാന്നിധ്യത്തിലായിരുന്നു ശിക്ഷാ നടപടികൾ.
പ്രതികളിൽ ഒരാൾ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലും, രണ്ടാമൻ സ്വന്തം സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലും, മൂന്നാമൻ മയക്കുമരുന്ന് കടത്ത് കേസിലുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. വിചാരണ കോടതി വിധിച്ച ശിക്ഷാവിധികൾ അപ്പീൽ കോടതിയും പരമോന്നത കോടതിയും നേരത്തെ ശരിവെച്ചിരുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഇവർ ജയിൽ ചാടാൻ ശ്രമം നടത്തിയത്.



