മോസ്കോ– ഇറാനെതിരായ നീക്കങ്ങളിൽ അമേരിക്കയ്ക്ക് ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചർച്ചകൾക്കായി അഭ്യർത്ഥിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചു. റഷ്യൻ മാധ്യമപ്രവർത്തകനായ പവൽ സരുബിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾക്കായുള്ള ട്രംപിന്റെ അഭ്യർത്ഥന ഇറാൻ നിലവിൽ പരിഗണിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനും ഉപരോധങ്ങൾ നീക്കാനുമായി പാകിസ്ഥാൻ വഴി പുതിയൊരു നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും വെടിനിർത്തലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഘട്ടം ഘട്ടമായി ചർച്ച നടത്താമെന്നാണ് ഇറാന്റെ വാഗ്ദാനം. എന്നാൽ തർക്കവിഷയമായ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവെക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള തങ്ങളുടെ അവകാശത്തിന് അമേരിക്ക അംഗീകാരം നൽകണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
അതേസമയം, ഇറാന്റെ ഈ നിർദ്ദേശത്തോട് ഡൊണാൾഡ് ട്രംപ് പൂർണ്ണമായി യോജിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനൊപ്പം ഇറാന്റെ ആണവ പദ്ധതി എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ട്രംപ്. എല്ലാ കാർഡുകളും ഞങ്ങളുടെ മേശപ്പുറത്തുണ്ട്, അവർക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളെ സമീപിക്കാമെന്ന് എന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. രണ്ട് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ആണവ വിഷയത്തിൽ ശാശ്വതമായ പരിഹാരം വേണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കുന്നു.
ഇറാൻ തുറമുഖങ്ങൾക്ക് നേരെയുള്ള യുഎസ് ഉപരോധം നീക്കുന്നതിന് പകരമായി വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തയ്യാറാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആണവ പദ്ധതിയിൽ ഇളവുകൾ നൽകാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇറാൻ-അമേരിക്ക നേരിട്ടുള്ള ചർച്ചകൾ പലതവണ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാൻ വഴിയുള്ള നയതന്ത്ര നീക്കങ്ങൾ ഇപ്പോഴും സജീവമാണ്. ആക്രമണങ്ങൾ അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്താൽ മാത്രമേ കൂടുതൽ ചർച്ചകളിലേക്ക് കടക്കുകയുള്ളൂ എന്ന ഉറച്ച നിലപാടിലാണ് ഇറാൻ.



