സിംഗപ്പൂർ: ലോകത്തെ അതിസമ്പന്നർ തങ്ങളുടെ സമ്പാദ്യം സ്വർണമാക്കി മാറ്റി അത് സിംഗപ്പൂരിൽ നിക്ഷേപിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ സമീപകാലത്തുണ്ടായ അനിശ്ചിതത്വമാണ് പേപ്പർ ഗോൾഡിൽ നിന്നു മാറി യഥാർത്ഥ സ്വർണം തന്നെ സൂക്ഷിക്കാൻ ശതകോടീശ്വരന്മാരെ പ്രേരിപ്പിക്കുന്നത് എന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. സിംഗപ്പൂരിന്റെ നിക്ഷേപ സൗഹൃദ, ബാങ്കിങ് നയങ്ങളും നയതന്ത്ര പ്രാധാന്യവുമാണ് ആ രാജ്യത്തേക്ക് സമ്പന്നരെ ആകർഷിക്കുന്നത്.
സിംഗപ്പൂർ: സമ്പന്നരുടെ പറുദീസ
‘കിഴക്കിന്റെ ജനീവ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണ് കിഴക്കനേഷ്യയിൽ സ്ഥിതിചെയ്യുന്ന സിംഗപ്പൂർ. രാഷ്ട്രീയ-സാമ്പത്തിക സ്ഥിരത, നിഷ്പക്ഷത, വിവേചനാധികാരം തുടങ്ങിയവയ്ക്കു പ്രസിദ്ധമായ ഈ ദ്വീപ് രാഷ്ട്രം ബിസിനസുകാരുടെയും നിക്ഷേപകരുടെയും ഇഷ്ട കേന്ദ്രം കൂടിയാണ്. യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ കാരണമുണ്ടായ അമേരിക്ക – ചൈന വ്യാപാര യുദ്ധവും വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് തങ്ങളുടെ സമ്പത്ത് സുരക്ഷിതമായി നിലനിർത്താൻ അതിസമ്പന്നർ സിംഗപ്പൂരിനെ ആശ്രയിക്കാൻ കാരണം. വിപണികളിൽ സമീപകാലത്തുണ്ടായ ചാഞ്ചാട്ടം, വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, പണപ്പെരുപ്പ ഭീഷണി തുടങ്ങിയവയിൽ കുടുങ്ങാതെ തങ്ങളുടെ സമ്പത്ത് നിലനിൽക്കണമെങ്കിൽ വിശ്വസ്ത ലോഹമായ സ്വർണത്തെ തന്നെ ആശ്രയിക്കണമെന്ന് അവർ കരുതുന്നു.
സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിനടുത്തുള്ള ‘ദ റിസർവ്’ എന്ന ആറുനില കെട്ടിടം സ്വർണവും വെള്ളിയും സൂക്ഷിക്കുന്നതിനുള്ള ഒരു സുരക്ഷിത സൗകര്യമാണ്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ, ഇവിടെ സ്വർണ-വെള്ളി സംഭരണത്തിനുള്ള ഓർഡറുകൾ 88 ശതമാനം വർധിച്ചതായി ഉടമകൾ അവകാശപ്പെടുന്നു. 90 ശതമാനം ഓർഡറുകളും സിംഗപ്പൂരിന് പുറത്തുനിന്നാണ് വരുന്നത്. ഇത് ആഗോള സമ്പന്നരുടെ മനംമാറ്റത്തെയും സിംഗപ്പൂരിൽ അവർക്കുള്ള വിശ്വാസത്തെയുമാണ് സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് സിംഗപ്പൂർ?
രാഷ്ട്രീയ-സാമ്പത്തിക സ്ഥിരത: സിംഗപ്പൂർ ശക്തമായ നിയമവ്യവസ്ഥയും സുതാര്യമായ ഭരണസംവിധാനവും ഉള്ള രാജ്യമാണ്. ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരത വർധിക്കുമ്പോൾ, സിംഗപ്പൂരിന്റെ നിഷ്പക്ഷ നിലപാട് സമ്പന്നർരിൽ സുരക്ഷിതത്വ ബോധമുണ്ടാക്കുന്നു.
തന്ത്രപരമായ ഭൂമിശാസ്ത്രം: കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന സിംഗപ്പൂർ ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാൻ എളുപ്പം കഴിയുന്ന തന്ത്രപ്രധാന കേന്ദ്രം. സ്വർണം സൂക്ഷിക്കാനും അവശ്യഘട്ടങ്ങളിൽ വലിയ ബുദ്ധിമുട്ടില്ലാതെ മാറ്റാനും ഇവിടെ കഴിയുമെന്നതും ആകർഷക ഘടകമാണ്.
വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ: ‘ദ റിസർവ്’ പോലുള്ള സുരക്ഷിത സൗകര്യങ്ങൾ ഉയർന്ന സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. ഇത് സമ്പന്നർക്ക് മനസ്സമാധാനം നൽകുന്നു.
എന്തുകൊണ്ട് സ്വർണം?
യഥാർത്ഥ സ്വർണം സ്വന്തമാക്കാതെ തന്നെ സ്വർണത്തിനു മേൽ അവകാശം നൽകുന്ന ‘പേപ്പർ ഗോൾഡ്’ സംവിധാനത്തിൽ നിന്നു മാറി ശരിക്കുമുള്ള സ്വർണ ലോഹത്തിലേക്കാണ് അതിസമ്പന്നർ തിരിയുന്നത്. പണപ്പെരുപ്പം, കറൻസി മൂല്യത്തകർച്ച, രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയ്ക്കെതിരെ സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതു കൊണ്ടാണിത്.
സ്വിറ്റ്സർലന്റിനെയും ദുബൈയെയും മറികടന്ന്
പരമ്പരാഗതമായി, സ്വിറ്റ്സർലൻഡും ദുബൈയുമായിരുന്നു സമ്പന്നർക്ക് സ്വർണം സൂക്ഷിക്കാനുള്ള പ്രിയപ്പെട്ട കേന്ദ്രങ്ങൾ. എന്നാൽ, സമീപകാലത്ത് സിംഗപ്പൂർ അവയെ മറികടക്കുകയും സൂപ്പർ റിച്ചുകളുടെ ഇഷ്ടസ്ഥലമായി മാറുകയും ചെയ്തു. രാഷ്ട്രീയ അസ്ഥിരത ഇല്ലായ്മയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഗവൺമെന്റിന്റെ നിക്ഷേപ, വ്യാപാര സൗഹൃദ നയങ്ങളുമെല്ലാം ഇതിനു കാരണമായി.
വെല്ലുവിളികളുമുണ്ട്
യഥാർത്ഥ സ്വർണത്തിന്റെ നിക്ഷേപം കുമിഞ്ഞു കൂടുന്നതിനനുസരിച്ച് സിംഗപ്പൂരിലും പ്രശ്നങ്ങളും വെല്ലുവിളികളും ഉയരുന്നുണ്ട്. തട്ടിപ്പുകളും സമർത്ഥമായ കൊള്ളകളും സമീപകാലത്ത് വർധിച്ചു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഓൺലൈൻ തട്ടിപ്പുകളിൽ സമീപകാലത്ത് വൻതോതിലുള്ള വർധനയാണ് ഉണ്ടായത്. എന്നാൽ പോലും, സ്വർണം പോലുള്ള ഭൗതിക ആസ്തികൾ സൂക്ഷിക്കുന്നതിന് ഈ തട്ടിപ്പുകൾ വലിയ ഭീഷണിയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം, അതീവ സുരക്ഷയുള്ള വോൾട്ടുകളിലാണ് സ്വർണം സൂക്ഷിക്കപ്പെടുന്നത്. അതേസമയം, ‘റിസർവ്’ പോലുള്ള സ്വർണ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ പേരിൽ തട്ടിപ്പുകൾ നടക്കാനും വിദേശത്തുള്ള സമ്പന്നരിൽ ഒരു ന്യൂനപക്ഷമെങ്കിലും അതിൽ പെടാനുമുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്.