വാഷിങ്ടൺ– ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് പകരം വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിൽ നിന്നുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ്, ഇതുസംബന്ധിച്ച് ഇതിനോടകം കരാറായതായും ഇന്ത്യ ഇതിന് സന്നദ്ധത അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയത്. റഷ്യൻ എണ്ണയ്ക്ക് പകരമായി വെനസ്വേലൻ എണ്ണ വാങ്ങാൻ യുഎസ് ഇന്ത്യയോട് മുൻപ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്.
എന്നാൽ, ട്രംപ് അവകാശപ്പെടുന്ന ഇത്തരമൊരു എണ്ണക്കരാറിനെക്കുറിച്ച് ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിക്കോളാസ് മഡൂറോയുടെ ഭരണമാറ്റത്തിന് പിന്നാലെ വെനസ്വേലൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായി അമേരിക്ക മാറിയിരുന്നു.



