മലപ്പുറം-അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അധ്യാപികയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് കേരളാ മോട്ടോര്‍ വാഹനവകുപ്പ്. മലപ്പുറം എം.എസ്.പി ഹയര്‍സെക്കണ്ടറി സ്കൂളിലെ ബീഗത്തിന്റെ ഫോര്‍വീല്‍ ഡ്രൈവിംഗ് ലൈസന്‍സാണ് ജൂണ്‍ 19 മുതല്‍ 3 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതെന്ന് മലപ്പുറം ആര്‍ടിഒ ബി.ഷഫീഖ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ അധ്യാപിക അശ്രദ്ധമായി വാഹനം ഓടിച്ചതായി കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് നടപടി. അധ്യാപിക തങ്ങളുടെ കൂട്ടുകാരിയെ അപായപ്പെടുത്തിയതില്‍ വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ പ്രതിഷേധിക്കുകയും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂള്‍ വിട്ട് കുട്ടികള്‍ നടന്നുപോകവെ പിറകില്‍ നിന്നെത്തിയ കാര്‍ പനങ്ങാങ്ങര സ്വദേശിനിയായ പത്താംതരം വിദ്യാര്‍ത്ഥിനി മിര്‍ഷ ഫാത്തിമയെ ഇടിക്കുകയും ശേഷം സമീപത്തെ മതിലില്‍ ചെന്നിടിക്കുകയുമായിരുന്നു. മിര്‍ഷയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളായ വിദ്യാര്‍ത്ഥിനികളാണ് മൊഴി നല്‍കിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി നിലവില്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്ന കുടുംബം കൂടിയാണ് മിര്‍ഷ ഫാത്തിമയുടേത്. ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം കുട്ടിയുടെ ചികിത്സാ ചിലവ് അധ്യാപികയും സ്കൂളും ചേര്‍ന്ന് വഹിക്കാമെന്ന ധാരണയിലെത്തിയിട്ടുണ്ട്. അധ്യാപികക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.