തെഹ്റാൻ: നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി യു.എസ് ആസൂത്രിത സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ പുതിയ സമുദ്രപാത സ്ഥാപിക്കുന്നതിൽ ഒമാനുമായി ധാരണയിലെത്താറായതായി ഇറാൻ വ്യക്തമാക്കി.
നിലവിലുള്ള സമുദ്രപാതകൾക്ക് പുറമെ ഇരുരാജ്യങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ പുതിയൊരു കപ്പൽച്ചാൽ രൂപീകരിക്കുന്നതിൽ ടെഹ്റാനും മസ്കറ്റും തമ്മിൽ ധാരണയിലെത്താറായതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി സ്ഥിരീകരിച്ചു. പുതിയ പാത ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെയും ദേശീയ സുരക്ഷയെയും പരസ്പര താൽപ്പര്യങ്ങളെയും പൂർണ്ണമായി സംരക്ഷിക്കുന്നതായിരിക്കുമെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യു.എസ് മുന്നോട്ടുവെച്ച ബദൽ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞു.
മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യൻ സാഹചര്യങ്ങളും സംഘർഷ ലഘൂകരണത്തിനുള്ള സാധ്യതകളും ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് വിവരം. ഇതിനിടെ, ഇറാനെതിരെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രത്യാക്രമണ നീക്കങ്ങൾ റദ്ദാക്കിയതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു.
മേഖലയിലെ സംഘർഷങ്ങൾ ഊർജ്ജ വിപണിയെ സാരമായി ബാധിച്ച സാഹചര്യത്തിൽ ഒപെക് പ്ലസ് (OPEC+) കൂട്ടായ്മ സുപ്രധാന തീരുമാനമെടുത്തു. എണ്ണ ഉൽപ്പാദനം സെപ്റ്റംബർ മുതൽ പ്രതിദിനം 1,88,000 ബാരൽ വീതം വർദ്ധിപ്പിക്കാൻ അംഗരാജ്യങ്ങൾ ധാരണയായി. പശ്ചിമേഷ്യയിലെ സൈനിക-നയതന്ത്ര നീക്കങ്ങളെ ലോകരാഷ്ട്രങ്ങളും ഊർജ്ജ വിപണിയും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.






