ഗാസ സിറ്റി: ഗാസ സിറ്റിയിലെ തകർന്നടിഞ്ഞ ഫലസ്തീൻ സ്റ്റേഡിയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ അലി താഫിഷ് പന്തുമായി പായുകയാണ്. കയ്യിലെ ഊന്നുവടിയിൽ ശരീരം താങ്ങിനിർത്തിയാണ് ആ ഇരുപത്തിനാലുകാരൻ തന്റെ സഹതാരങ്ങൾക്ക് പന്ത് കൈമാറുന്നത്. അവയവങ്ങൾ നഷ്ടപ്പെട്ട കളിക്കാർ ചേർന്ന് രൂപീകരിച്ച ‘ഗാസ അൽ-ഇറാദ’ (ഗാസയുടെ ഇച്ഛാശക്തി) എന്ന ഫുട്ബോൾ ക്ലബ്ബിലെ അംഗങ്ങളാണ് അവർ.
വ്യാഴാഴ്ച വടക്കേ അമേരിക്കയിൽ തുടക്കമാകുന്ന 2026 ലോകകപ്പിന് വേദിയാകുന്ന വമ്പൻ സ്റ്റേഡിയങ്ങളുമായി ഈ തകർന്ന കളിസ്ഥലത്തിന് യാതൊരു താരതമ്യവുമില്ല. എന്നാൽ അലിക്കും കൂട്ടർക്കും ഗാസയിൽ അവശേഷിക്കുന്ന അപൂർവ്വം കളിസ്ഥലങ്ങളിൽ ഒന്നാണിത്. 73,000-ത്തോളം പലസ്തീനികളുടെ ജീവനെടുത്ത ഇസ്രായിലിന്റെ ക്രൂരമായ വംശഹത്യയുടെ ഫലമായി ഗാസയിലെ കായികമേഖലയും പൂർണ്ണമായി തകർക്കപ്പെട്ടിരിക്കുന്നു.
ഇവിടെയുള്ള കളിക്കാർക്ക് ഫുട്ബോൾ എന്നത് വെറുമൊരു വിനോദമല്ല, മറിച്ച് അതിജീവനത്തിനായുള്ള പോരാട്ടമാണ്. മാസങ്ങളായുള്ള നഷ്ടങ്ങളും പരിക്കുകളും സർവ്വനാശവും അവശേഷിപ്പിച്ച മുറിവുകൾക്കിടയിലും തങ്ങളുടെ പഴയ ജീവിതത്തിന്റെ ഓർമ്മകളെ തിരിച്ചുപിടിക്കാനാണ് അവർ ശ്രമിക്കുന്നത്.
കൃത്യം നാല് വർഷം മുമ്പ്, 2022-ൽ ഖത്തർ ലോകകപ്പ് നടക്കുമ്പോൾ അലി തന്റെ സുഹൃത്തുക്കളോടൊപ്പം ഗാസയിലെ ഒരു കഫേയിലിരുന്ന് കളി കാണുകയായിരുന്നു. അന്നത്തെ ഉത്സവപ്രതീതി അലിക്ക് ഇപ്പോഴും വ്യക്തമായി ഓർമ്മയുണ്ട്. എന്നാൽ ഇന്ന്, ലോകം മറ്റൊരു പുതിയ ലോകകപ്പ് മാമാങ്കത്തിലേക്ക് പ്രവേശിക്കുമ്പോൾ, യുദ്ധത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് അതിജീവിച്ചവരിൽ ഒരാളായി അവൻ മാറിയിരിക്കുന്നു. ഇതിൽ നൂറുകണക്കിന് കായികതാരങ്ങളുമുണ്ട്.


“അന്ന് എല്ലാവരും ഏതെങ്കിലും ഒരു ടീമിനെ പിന്തുണച്ചിരുന്നു, അന്തരീക്ഷം വളരെ മനോഹരമായിരുന്നു. എന്നാൽ ഇന്ന് ഗാസയിലെ സ്ഥിതി അങ്ങേയറ്റം ദയനീയമാണ്. ഏത് നിമിഷവും ഞങ്ങൾ ബോംബാക്രമണത്തിനോ മരണത്തിനോ ഇരയായേക്കാം,” അലി അൽ ജസീറയോട് പറഞ്ഞു.
2024 ഫെബ്രുവരിയിൽ, ഇസ്രായിൽ യുദ്ധം തുടങ്ങി മാസങ്ങൾക്ക് ശേഷം, കിഴക്കൻ ഗാസ സിറ്റിയിലെ സെയ്തൂൺ പരിസരത്തുള്ള അലിയുടെ വീടിന് നേരെ ബോംബാക്രമണമുണ്ടായി. ആ ദുരന്തത്തിൽ അലിയുടെ അമ്മയും സഹോദരനും കൊല്ലപ്പെട്ടു. അലിക്ക് ഒരു കാൽ നഷ്ടപ്പെടുകയും ചെയ്തു. മാസങ്ങൾ നീണ്ട വേദനാജനകമായ ചികിത്സയ്ക്ക് ശേഷം, സമാനമായ രീതിയിൽ അവയവങ്ങൾ നഷ്ടപ്പെട്ട സുഹൃത്തുക്കൾ വഴിയാണ് അലി ‘ഗാസ അൽ-ഇറാദ’യെക്കുറിച്ച് അറിയുന്നത്. നിയമ ബിരുദധാരിയായ അലി അതിന് മുമ്പ് ഒരു മികച്ച അത്‌ലറ്റായിരുന്നു (ഓട്ടക്കാരൻ). പ്രാദേശിക ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകളും നേടിയിരുന്നു.
“കാൽ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ജീവിതത്തിലുള്ള പ്രതീക്ഷ തന്നെ അറ്റുപോയിരുന്നു. ഞാൻ ഒരു ചാമ്പ്യനായിരുന്നു, ഒരുപാട് മെഡലുകൾ ഉണ്ടായിരുന്നു. ആ സമയത്താണ് ക്ലബ്ബിലെ സുഹൃത്തുക്കൾ എന്നെ കാണാൻ വന്നത്. ഞാനും അവരുടെ കൂടെ ചേരട്ടെയെന്ന് ചോദിച്ചപ്പോൾ അവർ സന്തോഷത്തോടെ സ്വീകരിച്ചു,” ഏകദേശം ആറ് മാസം മുമ്പ് കളി തുടങ്ങിയ അലി പറയുന്നു.
ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കാനഡയിലും മെക്സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളിലേക്ക് തിരിയുമ്പോൾ, തങ്ങൾ മറ്റൊരു സമാന്തര ലോകത്താണ് ജീവിക്കുന്നതെന്ന് അലിക്ക് തോന്നുന്നു. യുദ്ധം കാരണം മാത്രമല്ല, അടിസ്ഥാന കായിക സാമഗ്രികളുടെയും സ്റ്റേഡിയങ്ങളുടെയും അഭാവം കൂടിയാണ് അവരെ ഒറ്റപ്പെടുത്തുന്നത്.
“ഇവിടെ വരാൻ വാഹനസൗകര്യമൊന്നുമില്ല. ഈ കളിസ്ഥലത്ത് എത്താൻ ഞാൻ രണ്ട് മണിക്കൂറിലധികം ക്രച്ചസിൽ നടക്കണം. നല്ല ക്രച്ചസുകളോ സ്പോർട്സ് ഷൂസുകളോ മറ്റ് സുരക്ഷാ സാമഗ്രികളോ ലഭ്യമല്ല. ലഭ്യമായ ചെറിയ സൗകര്യങ്ങൾ വെച്ച് ഞങ്ങൾ ഫുട്ബോളിനെ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്,” അലി കൂട്ടിച്ചേർത്തു.
യുദ്ധം മാറ്റിയെഴുതിയ ജീവിതങ്ങൾ
നാൽപ്പതുകാരനായ സാദി അൽ-മസ്‌രിയുടെ കഥ മറ്റ് കളിക്കാരിൽ നിന്ന് അല്പം വ്യത്യസ്തമാണ്. നിലവിലെ യുദ്ധത്തിലല്ല, മറിച്ച് തന്റെ രണ്ടാം വയസ്സിലുണ്ടായ ഒരു വാഹനാപകടത്തിലാണ് സാദിക്ക് കാൽ നഷ്ടപ്പെടുന്നത്. മുതിർന്നപ്പോൾ സ്പോർട്സിനോട് പ്രണയം തോന്നിയ അദ്ദേഹം വർഷങ്ങളോളം ഫലസ്തീനെ പ്രതിനിധീകരിച്ച് നീന്തൽ ചാമ്പ്യനായും ദേശീയ വോളിബോൾ ടീമിലെ അംഗമായും തിളങ്ങി. പിന്നീട് അവയവങ്ങൾ നഷ്ടപ്പെട്ടവർക്കായുള്ള പലസ്തീൻ ഫുട്ബോൾ ടീമിലെത്തി ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു.
തന്റെ രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കുന്നതിന്റെ അഭിമാനം സാദിക്ക് അറിയാം. എന്നാൽ ഇസ്രായിലിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ ഗാസയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുക അസാധ്യമാണ്. പുറത്തുപോയാൽ തന്നെ തിരികെ വരാൻ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
“ലോകകപ്പ് കാണുന്നത് ഞങ്ങൾക്ക് വലിയ വേദനയാണ് നൽകുന്നത്. ഈ വർഷം അന്താരാഷ്ട്ര ടൂർണമെന്റുകളുടെ യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു ഞങ്ങളുടെ ടീം. എന്നാൽ യുദ്ധം ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം തകർത്തു. ഞങ്ങൾ ഇന്ന് ലോകത്തിന് മുന്നിൽ വിസ്മരിക്കപ്പെട്ടവരാണ്,” സാദി വിഷമത്തോടെ പറഞ്ഞു.
“അന്താരാഷ്ട്ര വേദികളിൽ ഫലസ്തീന്റെ പതാക ഉയർത്തണമെന്നും എല്ലാ പ്രതിസന്ധികൾക്കിടയിലും ഞങ്ങളുടെ സാന്നിധ്യം അറിയിക്കണമെന്നും ഞങ്ങൾ എപ്പോഴും സ്വപ്നം കാണാറുണ്ട്. എന്നാൽ യുദ്ധം കായികരംഗമുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും തകിടം മറിച്ചു.”
ബാഹ്യ പിന്തുണയില്ലാതെ ഗാസയിലെ കായികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ സാദി, അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ ) നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള നിരാശയും പ്രകടിപ്പിച്ചു.
“നിർഭാഗ്യവശാൽ, ഫലസ്തീൻ കായികരംഗത്തെ പിന്തുണയ്ക്കാൻ ഫിഫ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പൂർണ്ണമായും തകർക്കപ്പെട്ട സ്റ്റേഡിയങ്ങളും സൗകര്യങ്ങളും പുനർനിർമ്മിക്കാൻ ഞങ്ങൾക്ക് അടിയന്തിര സഹായം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ, ഗാസയിലെ ഫുട്ബോൾ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനായി ഫിഫ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. ‘ഫിഫ അരീന’ പ്രൊജക്റ്റിന് കീഴിൽ 50 മിനി കളിസ്ഥലങ്ങൾ, അഞ്ച് വലിയ സ്റ്റേഡിയങ്ങൾ, ഒരു ഫുട്ബോൾ അക്കാദമി, 20,000 പേർക്കിരിക്കാവുന്ന ദേശീയ സ്റ്റേഡിയം എന്നിവ നിർമ്മിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഈ പദ്ധതികളെല്ലാം വെറും വാഗ്ദാനങ്ങളായി ഒതുങ്ങുകയാണെന്ന് സാദിയും കൂട്ടരും പറയുന്നു.
നാല് വർഷം വരുത്തിയ മാറ്റം
2022-ലെ ഖത്തർ ലോകകപ്പും ഇന്നത്തെ ഗാസയിലെ യാഥാർത്ഥ്യവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ സാദിയുടെ വേദന ഇരട്ടിക്കുകയാണ്.
“2022-ഉം ഇന്നത്തെ അവസ്ഥയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അന്ന് ഞങ്ങൾ വീടുകളിലും കഫേകളിലും ഒത്തുകൂടിയാണ് മത്സരങ്ങൾ കണ്ടത്. ഇന്ന് ഇവിടെ വൈദ്യുതിയില്ല, വലിയ സ്ക്രീനുകളില്ല, ഫോണിലോ ഇന്റർനെറ്റിലോ പോലും കളി കാണുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണ്.”
ലോകമെമ്പാടുമുള്ള ആരാധകർ ഫുട്ബോൾ മാമാങ്കത്തിന്റെ ഉദ്ഘാടനം ആഘോഷിക്കുമ്പോൾ, ലോകകപ്പിൽ പങ്കെടുക്കുന്ന കളിക്കാർക്കും ആരാധകർക്കും നൽകാൻ സാദിയുടെ കയ്യിൽ ഒരു സന്ദേശമുണ്ട്:
“ഫലസ്തീൻ ജനതയും ജീവിക്കാൻ അർഹതയുള്ളവരാണെന്ന് ലോകം തിരിച്ചറിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിലും ഗാലറികളിലും പലസ്തീന്റെ സാന്നിധ്യം ഉണ്ടാകണം. കായികതാരങ്ങൾ ഞങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് സംസാരിക്കണം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാൻ അവർ ഞങ്ങളെ പിന്തുണയ്ക്കണം.”
2018 മേയിലാണ് അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് കായികരംഗത്തേക്ക് തിരിച്ചുവരാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ‘ഗാസ അൽ-ഇറാദ’ രൂപീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2023 ഒക്ടോബറിൽ ഇസ്രായിൽ യുദ്ധം ആരംഭിച്ചതുമുതൽ ഗാസയിൽ 5,000-ത്തിനും 6,000-ത്തിനും ഇടയിൽ ഫലസ്തീനികൾക്കാണ് കൈകാലുകൾ നഷ്ടപ്പെട്ടത്.
ഈ യുദ്ധം ഫലസ്തീൻ കായികരംഗത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല. ഫലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ മാർച്ച് മാസത്തിലെ റിപ്പോർട്ട് പ്രകാരം, കളിക്കാർ, പരിശീലകർ, റഫറിമാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുൾപ്പെടെ കായികരംഗത്തെ 1,007 പേർ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൂടാതെ, ഫുട്ബോൾ ഫീൽഡുകൾ, ജിമ്മുകൾ, ക്ലബ്ബ് കെട്ടിടങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയുൾപ്പെടെ 265 കായിക സൗകര്യങ്ങൾ ഇസ്രായിൽ തകർത്തു. ഗാസയിലെ പ്രധാന സ്റ്റേഡിയങ്ങളിൽ പലതും ഇന്ന് അഭയാർത്ഥി ക്യാമ്പുകളായി മാറിയിരിക്കുകയാണ്.
നിരാശയും ഒറ്റപ്പെടലും
ഫുട്ബോൾ ലോകകപ്പ് ഒരു ആഗോള ആഘോഷമായി മാറുമ്പോൾ തന്നെ, അത് ഗാസയിലെ കായികതാരങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണെന്ന് ക്ലബ്ബിന്റെ പരിശീലകനായ ഹാതിം അൽ-മുഖ്‌രിബി പറയുന്നു.
“ഞങ്ങൾ ഭൂരിഭാഗവും മൊബൈൽ ഫോണുകളിലാകും ഇത്തവണ ലോകകപ്പ് കാണുക. യുദ്ധവും ഉപരോധവും കളിക്കാരുടെ മാനസികാവസ്ഥയെ തകർത്തിരിക്കുന്നു. ലോകത്തെ മറ്റ് കായികതാരങ്ങളെപ്പോലെ ഈ ടൂർണമെന്റ് ആഘോഷിക്കാൻ അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾക്ക് വലിയ സ്ക്രീനുകളില്ല, ആഘോഷങ്ങളില്ല. ദിവസവും ബോംബുകളും മരണങ്ങളും മാത്രമാണ് മുന്നിലുള്ളത്.” ഹാതിം പറഞ്ഞു.
കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഗാസയിൽ നിന്നുള്ള ഒരു കായിക പ്രതിനിധി സംഘത്തിന് നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞിരുന്ന കാര്യം ഹാതിം ഓർക്കുന്നു. എന്നാൽ ഇന്ന് ഗാസ പൂർണ്ണമായും ഈ കായിക ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
“അന്താരാഷ്ട്ര സമൂഹം ഗാസയിലെ കായികതാരങ്ങൾക്ക് നൽകുന്ന വേദന നിറഞ്ഞ സന്ദേശമാണിത്. ഈ മൗനം വെടിഞ്ഞ് പലസ്തീൻ കായികതാരങ്ങൾക്കും ജീവിക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ള അവകാശം നൽകണം. ഞങ്ങൾക്ക് വേണ്ടത് സ്റ്റേഡിയങ്ങൾ പുനർനിർമ്മിക്കാനും ഈ കളിക്കാർക്ക് മുന്നോട്ട് പോകാനുമുള്ള യഥാർത്ഥ പിന്തുണയാണ്,” ഹാതിം അൽ-മുഖ്‌രിബി പറയുന്നു.



