ജിദ്ദ: ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ രണ്ടാമത്തേതായ ഹദീസുകളുടെ പഠനത്തിനും ഗവേഷണത്തിനും മറ്റുമായി സൗദി അറേബ്യ ഒരുക്കുന്ന സംവിധാനങ്ങളും സൗകര്യങ്ങളും അതിന് വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രോൽസാഹനവും മഹത്തരമാണെന്ന് ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് പറഞ്ഞു. അനസ് ബിൻ മാലിക് സെൻറർ ഒരുക്കിയ വിജ്ഞാന വേദിയിൽ “ആദർശ വിശുദ്ധി; പഠനം പ്രവർത്തനം” എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഹദീസ് പഠനങ്ങൾക്കു മാത്രമായി ആരംഭിച്ച പ്രഥമ സംരംഭമായ ദാറുൽ ഹദീസിലെ പത്തോളം വിദ്യാർത്ഥികളുമായി സൗദിയിലെ വിവിധപ്രദേശങ്ങളിലെ ഹദീസ് പഠനകേന്ദ്രങ്ങളും മറ്റും സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ജിദ്ദയിൽ എത്തിച്ചേർന്നത്. സന്ദർശനത്തിനിടയിൽ സൗദിയിലെ പണ്ഡിതൻമാരുടെ നഗരം എന്ന് വിശേഷിപ്പിക്കാവുന്ന അൽ-ഖസീമിൽ ഹദീസുകൾ മനഃപാഠമാക്കാനും പഠിക്കാനുമായി പ്രത്യേകം സംവിധാനിക്കപ്പെട്ട സ്ഥാപനങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ക്ഷണം ലഭിച്ചതായി അദ്ദേഹം അറിയിച്ചു.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശ്വാസരംഗത്തെ വ്യതിയാനങ്ങളും പുഴുക്കുത്തുകളും തിരിച്ചറിഞ്ഞ് യഥാർത്ഥ വിശ്വാസത്തെ പുൽകാനും അത് പ്രബോധനം ചെയ്യുവാനും അതുവഴി ശാശ്വത വിജയം കരസ്ഥമാക്കുവാനും ആത്മീയജ്ഞാനം അനിവാര്യമാണ്. അത് ശരിയായ സ്രോതസ്സിൽ നിന്നുതന്നെ നേടിയെടുക്കുക എന്നതും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കുവാനും അതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുമായി ധാരാളം സംരംഭങ്ങൾ നിലവിലുണ്ടെങ്കിലും ഹദീസുകൾക്ക് മാത്രമായ പഠന സംരംഭങ്ങൾ ഇല്ല, എന്നാൽ സൗദി അറേബ്യ ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. ആ മേഖലയിൽ കേരളത്തിലെ തുടക്കക്കാരാകാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫൈസൽ മൗലവിയോടൊപ്പം ദാറുൽ ഹദീസിലെ പ്രധാനാധ്യാപകനായ മുബാറക്’ഫൂരിയും സന്ദർശക സംഘത്തിലുണ്ട്. ദാറുൽ ഹദീസിലെ പ്രഥമ ബാച്ചിൽ കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമുണ്ട്. മിക്ക വിദ്യാർത്ഥികളും ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയിൽ നിന്നും അഞ്ച് വർഷത്തെ ഡിഗ്രി കോഴ്‌സും രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജ്വെഷനും പൂർത്തീകരിച്ചതിന് ശേഷമാണ് ദാറുൽ ഹദീസിൽ പഠനം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഷറഫിയ്യയിലെ അനസ് ബിൻ മാലിക് സെന്റർ മേധാവി ശൈഖ് ഫായിസ് അസ്സഹലി ഉൽഘാടനം ചെയ്‌തു. ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുറഷീദ് ചേരൂർ അധ്യക്ഷത വഹിച്ചു. അനസ് ബിൻ മാലിക് സെൻറർ ദാഇ അബ്ദുറഊഫ് അൽ ഹികമി ദാറുൽ ഹദീസ് വിദ്യാർത്ഥികളെ സദസ്സിനു പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ പഠനവഴിയിലെ തങ്ങളുടെ ഹൃദയഹാരിയായ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. സദസ്യരുടെ സംശയങ്ങൾക്ക് ഫൈസൽ മൗലവി മറുപടി പറഞ്ഞു. ജിദ്ദ ജാലിയാത് മലയാളവിഭാഗം പ്രബോധകൻ ഉമർകോയ മദീനി അതിഥിയായി. ജെ.ഡി.സി.സി. ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ട്രഷറർ നബീൽ പാലപ്പറ്റ, സെക്രട്ടറിമാരായ റൗനഖ് ഓടക്കൽ, സൽമാനുൽ ഫാരിസ്, റഫീഖ് ഇരിവേറ്റി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജെ.ഡി.സി.സി എജ്യുക്കേഷൻ വിംഗ് സെക്രട്ടറി നൗഫൽ പീടിയേക്കൽ സ്വാഗതവും ജോയിൻറ് സെക്രട്ടറി ഇഖ്ബാൽ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.




