വാഷിംഗ്ടണ്‍ – ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കക്ക് ലഭിക്കാന്‍ ഇറാനുമായി കരാര്‍ ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമുക്ക് ഇപ്പോള്‍ അത് ലഭിക്കുമന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നമുക്കത് വേണമെന്നുണ്ടെങ്കില്‍ ഇറാന് ഞങ്ങളെ തടയാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അതിന്റെ ആവശ്യമില്ല. അത് ശക്തമായ അമേരിക്കന്‍ ആക്രമണത്തിന്റെ ഫലമായി മണ്ണില്‍ കുഴിച്ചുമൂടിയിരിക്കുകയാണ്. ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹോര്‍മുസ് കടലിടുക്ക് ഉടന്‍ വീണ്ടും തുറക്കുമെന്നതാണ്. ഇറാനെ അമേരിക്ക സൈനികമായോ കരാറിലൂടെയോ പരാജയപ്പെടുത്തും. ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അമേരിക്കയും ഇറാനും ഒരു കരാറിലെത്തിയാല്‍, താന്‍ ഖാംനഇയെ കാണും. അങ്ങിനെ സംഭവിച്ചാല്‍… ഞാന്‍ ബഹുമാനം കാണിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രായിലും ലെബനോനും തമ്മില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ട്രംപ് വിശ്വാസം പ്രകടിപ്പിച്ചു. ലെബനോന്‍ സമാധാനം അര്‍ഹിക്കുന്നു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി താന്‍ സംസാരിച്ചിട്ടുണ്ട്. ഇതേ കുറിച്ച് താന്‍ ഇതിനകം ഹിസ്ബുല്ലയുമായും സംസാരിച്ചു. നമ്മള്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നതായും ട്രംപ് പറഞ്ഞു.
അതിനിടെ, അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മുഹ്സിന്‍ നഖ്വി തെഹ്റാനിലെത്തി. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഭാഗമായി നഖ്വി ഇറാന്‍ ആഭ്യന്തര മന്ത്രി ഇസ്‌കന്ദര്‍ മൊമേനിയുമായി കൂടിക്കാഴ്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇറാന്‍ അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തിയാല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് തന്റെ സഹായികളോട് പറഞ്ഞതായി യു.എസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയുണ്ടായ നിരവധി ഏറ്റുമുട്ടലുകള്‍ക്കിടയിലും, വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെച്ചത് ആഴ്ചകളായി തുടരുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഈ ആക്രമണങ്ങള്‍ പ്രതിരോധാത്മക ആക്രമണങ്ങളാണെന്നും സമഗ്രമായ യുദ്ധത്തിലേക്കുള്ള തിരിച്ചുപോക്കല്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിശേഷിപ്പിച്ചു. എന്നിരുന്നാലും, ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വെടിനിര്‍ത്തലിന്റെ ദീര്‍ഘകാല സ്ഥിരതയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഫെബ്രുവരി 28 ന് ആരംഭിച്ച സംഘര്‍ഷം ആറ് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ലെന്നും ഇറാന്റെ ആണവ, മിസൈല്‍ ഭീഷണികള്‍ ഇല്ലാതാക്കുക എന്നതാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്നും ട്രംപും സഹായികളും നേരത്തെ വ്യക്തമാക്കിയിരുന്നു.



