കുവൈത്ത് സിറ്റി: രാജ്യത്ത് അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. നിയമലംഘകരായ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തുമെന്നും സ്വദേശികൾക്ക് ജയിൽ ശിക്ഷ നൽകുമെന്നുമാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാഹനാപകടങ്ങൾ കുറയ്ക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുമായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്. വാഹനത്തിന്റെ വേഗതയനുസരിച്ച് സ്വദേശികൾക്കും പ്രവാസികൾക്കും ബാധകമാകുന്ന ശിക്ഷകളുടെ പട്ടികയും അധികൃതർ പുറത്തുവിട്ടു.
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്ന സ്വദേശികളുടെ പേരിൽ ഗതാഗത നിയമലംഘനം രേഖപ്പെടുത്തി പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. എന്നാൽ, ഇതേ വേഗതയിൽ വാഹനമോടിക്കുന്ന പ്രവാസികൾക്ക് പിഴയ്ക്കും വാഹനം കസ്റ്റഡിയിലെടുക്കലിനും പുറമെ നാടുകടത്തലും ശിക്ഷയായി ലഭിക്കും.
മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിലാണ് യാത്രയെങ്കിൽ സ്വദേശികൾക്ക് പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും അന്വേഷണവിധേയമായി തടങ്കലും ലഭിക്കുമ്പോൾ, പ്രവാസികളെ പിഴ ചുമത്തിയ ശേഷം ഉടനടി നാടുകടത്താനാണ് തീരുമാനം.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്ന സ്വദേശികളെ ജയിലിലടയ്ക്കുകയും പിഴ ചുമത്തി വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. ഈ നിയമലംഘനം നടത്തുന്ന പ്രവാസികൾ പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും നേരിടുന്നതിനൊപ്പം രാജ്യത്തുനിന്ന് നാടുകടത്തപ്പെടുകയും ചെയ്യും. വിവേചനങ്ങളില്ലാതെ നിയമം കർശനമായി നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.



