മക്ക: വിശുദ്ധ കഅബാലയത്തിൽ അണിയിക്കാനുള്ള പുതിയ പുടവ (കിസ്‌വ) ഔദ്യോഗികമായി കൈമാറി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായ സൗദ് ബിൻ മിശ്അൽ രാജകുമാരനാണ് കിസ്‌വ കൈമാറിയത്. കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ അബ്ദുൽമലിക് ബിൻ ത്വാഹാ അൽശൈബി പുതിയ കിസ്‌വ ഔദ്യോഗികമായി ഏറ്റുവാങ്ങി.
ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബീഅയും അബ്ദുൽമലിക് ബിൻ ത്വാഹാ അൽശൈബിയും കിസ്‌വ കൈമാറ്റ രേഖയിൽ ഒപ്പുവെച്ചു. വരാനിരിക്കുന്ന മുഹറം ഒന്നിനാണ് വിശുദ്ധ കഅ്ബാലയത്തിൽ പുതിയ കിസ്‌വ അണിയിക്കുക. മുൻവർഷങ്ങളിൽ തീർഥാടകർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ്ജ് ഒമ്പതിനായിരുന്നു കിസ്‌വ മാറ്റാറുള്ളത്. എന്നാൽ 2022 മുതൽ ഈ ചടങ്ങ് മുഹറം ഒന്നിലേക്ക് മാറ്റാൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു.
ഹറംകാര്യ വകുപ്പിന് കീഴിൽ ഉമ്മുൽജൂദ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്സിലാണ് കിസ്‌വ നിർമിക്കുന്നത്. 670 കിലോ പ്രകൃതിദത്ത പട്ടുനൂൽ, 120 കിലോ സ്വർണ നൂൽ, 100 കിലോ വെള്ളി നൂൽ എന്നിവ ഉപയോഗിച്ച് ഇരുന്നൂറിലധികം ജീവനക്കാർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. 14 മീറ്റർ ഉയരമുള്ള കിസ്‌വയുടെ മുകൾഭാഗത്ത് 47 മീറ്റർ നീളവും 95 സെന്റീമീറ്റർ വീതിയുമുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങൾ ചേർന്നതാണ് ഈ ബെൽറ്റ്. നാല് പ്രധാന ഭാഗങ്ങൾ തുന്നിച്ചേർത്താണ് കിസ്‌വ കഅ്ബയിൽ അണിയിക്കുന്നത്. കഅ്ബയുടെ കവാടത്തിന് മുകളിൽ തൂക്കാനായി പ്രത്യേക കർട്ടനും ഇതിനൊപ്പമുണ്ട്.
അതേസമയം, ഹജ്ജിന് മുന്നോടിയായി കഅ്ബയിലെ നിലവിലെ കിസ്‌വ ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടിയിട്ടുണ്ട്. തീർഥാടകരുടെ കടുത്ത തിരക്കിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ തറനിരപ്പിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്‌വ ഉയർത്തിയത്. ഈ ഭാഗം വെളുത്ത പട്ടുതുണി കൊണ്ട് മൂടിയിരിക്കുകയാണ്. ഹജ്ജ് സീസൺ അവസാനിക്കുന്നതോടെ കിസ്‌വ പഴയപടി താഴ്ത്തിക്കെട്ടും.



