ലണ്ടൻ: രണ്ട് പതിറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പ്… തലമുറകൾ കൈമാറിയ കണ്ണീരും പ്രാർത്ഥനകളും… ഒടുവിൽ ഇംഗ്ലീഷ് ഫുട്ബോളിന്റെ ചുവപ്പൻ സിംഹാസനത്തിലേക്ക് ആ പീരങ്കിപ്പട വീണ്ടും നടന്നു കയറിയിരിക്കുന്നു! 2004-ൽ ആർസീൻ വെംഗറുടെ ഇതിഹാസ സംഘമായ ‘ഇൻവിൻസിബിൾസ്’ കുറിച്ചിട്ട വിജയഗാഥയ്ക്ക് ശേഷം, നീണ്ട 22 വർഷങ്ങൾക്കപ്പുറം മിക്കൽ ആർട്ടെറ്റയുടെ ‘യുവ ഗണ്ണേഴ്സ്’ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു.
കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ ഫുട്ബോൾ വിധി അതിന്റെ കണക്കുതീർക്കുകയായിരുന്നു. തിങ്കളാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ കൈ ഹാവേർട്സ് തൊടുത്ത ആ തകർപ്പൻ ഹെഡർ ഗോൾ ആഴ്സണലിനെ കിരീടത്തിന്റെ തൊട്ടരികിൽ എത്തിച്ചിരുന്നു. അവസാന ദിനത്തിലെ വിജയമോ അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു വീഴ്ചയോ മതിയായിരുന്നു ആർട്ടെറ്റയ്ക്കും സംഘത്തിനും ചരിത്രമെഴുതാൻ. ഒടുവിൽ ചൊവ്വാഴ്ച രാത്രി വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ ആ നാടകീയത സംഭവിച്ചു. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ബേൺമൗത്ത് 1-1 ന് സമനിലയിൽ തളച്ചതോടെ വടക്കൻ ലണ്ടൻ നഗരം ഒട്ടാകെ ആനന്ദനൃത്തം ചവിട്ടി.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ബേൺമൗത്തിന്റെ എലി ജൂനിയർ ക്രൂപ്പി, സിറ്റി ഗോൾകീപ്പർ ജിയാൻലൂജി ഡൊന്നരുമ്മയെ കാഴ്ചക്കാരനാക്കി പന്ത് വലയിലേക്ക് അടിച്ചുകയറ്റിയപ്പോഴേ ലണ്ടനിലെ ആകാശത്ത് വിജയത്തിന്റെ ചുവപ്പ് പടർന്നിരുന്നു. ഈ സീസണിൽ പിന്നിലായ ശേഷം മത്സരത്തിലേക്ക് തിരിച്ചുവരുന്നതിൽ സിറ്റി ഏറെ പിന്നിലായിരുന്നു. നിർണായക നിമിഷങ്ങളിൽ എപ്പോഴും വഴി കണ്ടെത്താറുള്ള പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്കോ, സൂപ്പർ താരം എർലിംഗ് ഹാലൻഡിന്റെ പരമാവധി ശ്രമങ്ങൾക്കോ ഇത്തവണ സിറ്റിയെ രക്ഷിക്കാനായില്ല.
പകരം, ഏപ്രിലിൽ ആഴ്സണലിന്റെ കിരീടസാധ്യതകൾക്ക് കനത്ത തിരിച്ചടി നൽകിയ ബേൺമൗത്ത് തന്നെയാണ് ഈ മത്സരത്തിലും മികച്ചുനിന്നത്. അന്ദോണി ഇരഓളയുടെ കീഴിലുള്ള ബേൺമൗത്ത് തങ്ങളുടെ പരാജയമില്ലാത്ത കുതിപ്പ് തുടരുക മാത്രമല്ല, ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി യൂറോപ്യൻ യോഗ്യത സ്വന്തമാക്കുകയും ചെയ്തു.
പെപ് ഗ്വാർഡിയോളയുടെ സിറ്റിപ്പടയുടെ ആധിപത്യം അവസാനിപ്പിച്ച്, ആഴ്സണൽ ആരാധകരുടെ നെഞ്ചിലെ കനലിനെ പ്രീമിയർ ലീഗ് സ്വർണ്ണക്കിരീടമാക്കി മാറ്റിയ ഈ പോരാളികൾ ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ പേര് അനശ്വരമാക്കിയിരിക്കുകയാണ്.
Scenes in North London as supporters celebrate the Gunners' Premier League title win 🏆🎉 #beINPL | #Arsenal pic.twitter.com/sZ6H4MUbOG
— beIN SPORTS (@beINSPORTS_EN) May 19, 2026



