ജിദ്ദ– സൗദിയില്‍ എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും ബലിപെരുന്നാള്‍ നമസ്‌കാര സമയം ഇസ്ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ അനുസരിച്ച്, എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും ഈദ് ഗാഹുകളിലും മസ്ജിദുകളിലും സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം പെരുന്നാള്‍ നമസ്‌കാരം നടത്തണമെന്ന് ഇസ്ലാമിക, ദഅ്വ, ഗൈഡന്‍സ് കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ വ്യവസ്ഥ ചെയ്തു.
പെരുന്നാള്‍ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ വിവിധ പ്രവിശ്യകളിലെയും സബ്ഗവര്‍ണറേറ്റുകളിലെയും മന്ത്രാലയ ശാഖകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈദ് ഗാഹുകളിലും മസ്ജിദുകളിലും വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉറപ്പാക്കണം. ഈദ് ഗാഹുകള്‍ക്ക് സമീപമുള്ള ജുമാമസ്ജിദുകളും ഈദ് ഗാഹുകള്‍ പര്യാപ്തമായതിനാല്‍ പെരുന്നാള്‍ നമസ്‌കാരത്തിന് വിശ്വാസികള്‍ എത്താത്ത ഗ്രാമപ്രദേശങ്ങളിലെ ജുമാമസ്ജിദുകളും ഒഴികെ രാജ്യത്തെ മുഴുവന്‍ ഈദ് ഗാഹുകളിലും ജുമാമസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈദ് ദിനത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന പ്രവചനങ്ങള്‍ മുഴുവന്‍ പ്രവിശ്യകളിലെയും മന്ത്രാലയ ശാഖകള്‍ നിരീക്ഷിക്കണം. മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും ആരാധകരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിന് മസ്ജിദുകളില്‍ മാത്രമേ ഈദ് നമസ്‌കാരം നടത്താവൂ. പെരുന്നാള്‍ നമസ്‌കാരത്തിനായി ഈദ് ഗാഹുകള്‍ ഉചിതമായ രീതിയില്‍ തയ്യാറാക്കണമെന്നും മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.



