ന്യൂയോര്‍ക്ക് – ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ആഗോള ഊര്‍ജ, ഭക്ഷ്യ വിപണികളെ ഗുരുതരമായി ബാധിക്കുന്നതായി യു.എന്നിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍. ആഗോള വ്യാപാരത്തിന് ഹോര്‍മുസ് കടലിടുക്ക് സുപ്രധാന പാതയാണ്. ഹോര്‍മുസിലെ സുരക്ഷയെ തടസ്സപ്പെടുത്തുന്നത് ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കുന്നു. ഹോര്‍മുസ് കടലിടുക്കിലെ സമീപകാല സംഭവവികാസങ്ങള്‍ പിരിമുറുക്കങ്ങളും അപകടസാധ്യതകളും മാനുഷിക, സാമ്പത്തിക, സുരക്ഷാ പ്രത്യാഘാതങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഹോര്‍മുസ് കടലിടുക്കിനെ കുറിച്ചുള്ള യു.എസ്-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ കരട് പ്രമേയത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിച്ച സൗദി അംബാസഡര്‍ പറഞ്ഞു.
ഈ സംഭവവികാസങ്ങള്‍ ആഗോള ഊര്‍ജ വിപണികളില്‍ നിഴല്‍ വീഴ്ത്തുകയും ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍, മാനുഷിക സഹായം എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഊര്‍ജ ഇറക്കുമതിയെ ആശ്രയിക്കുന്നദുര്‍ബല സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ മേല്‍ പ്രത്യാഘാതങ്ങള്‍ വര്‍ധിപ്പിക്കും. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് തടഞ്ഞ് ഹോര്‍മുസ് കടലിടുക്കിന്റെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കണം. കടലിടുക്കില്‍ സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് മാനുഷിക അനിവാര്യതയാണെന്നും ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് അടക്കാനും അന്താരാഷ്ട്ര ജലപാതകളെ തടസ്സപ്പെടുത്താനും ഉള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരസിക്കുകയും അപലപിക്കുകയും ചെയ്തു. വിപണി സ്ഥിരതയെ പിന്തുണക്കുന്നതിലും വിതരണ സുരക്ഷ ഉറപ്പാക്കുന്നതിലും പ്രാദേശിക, അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് നിലനിര്‍ത്തുന്നതിലും ഹോര്‍മുസ് കടലിടുക്കിന് തുടര്‍ച്ചയായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.



