ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയം വെറുമൊരു രാഷ്ട്രീയ വിജയമല്ലെന്നും, ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രതിഫലിക്കുന്ന കരുത്തുറ്റ വിധിയെഴുത്താണെന്നും യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾക്കും ജനവിരുദ്ധ നയങ്ങൾക്കും ജനങ്ങൾ നൽകിയ വ്യക്തമായ മറുപടിയാണിത്.
നാടിന്റെ നട്ടെല്ലായ പ്രവാസികളെ പൂർണ്ണമായും അവഗണിച്ച ഇടത് സർക്കാരിനെതിരെയുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ ഫലം. പ്രവാസികളുടെ സുരക്ഷയും സാമൂഹ്യ-സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്ന നയങ്ങൾ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കും. തിരികെ എത്തുന്ന പ്രവാസികൾക്ക് തൊഴിൽ അവസരങ്ങളും സഹായങ്ങളും ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നേതൃത്വം വ്യക്തമാക്കി.
വർഗീയ ശക്തികളെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിക്ക് കേരളത്തിന്റെ മതേതര മനസ്സ് നൽകിയ തിരിച്ചടിയാണിത്. യുഡിഎഫിനെ പിന്തുണച്ച ഓരോ വോട്ടർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ജില്ലാ ചെയർമാൻ അസീസ് ലാക്കൽ, കൺവീനർ ഇസ്മായിൽ മുണ്ടുപറമ്പ്, വൈസ് ചെയർമാൻ ഫൈസൽ മക്കരപ്പറമ്പ്, ജോയിന്റ് കൺവീനർ നാണി ഇസ്ഹാഖ്, ട്രഷറർ അഷ്‌റഫ് മുല്ലപ്പള്ളി, യു.എം ഹുസ്സൈൻ മലപ്പുറം എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.
വിജയാഹ്ലാദത്തിൽ ജിദ്ദ; യു.ഡി.എഫ് പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചു
ജിദ്ദ: കേരളത്തിലെ യു.ഡി.എഫ് വിജയത്തിന്റെ ആവേശം ജിദ്ദയിലെ പ്രവാസി സമൂഹത്തിലേക്കും. യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഫയർ ഓഡിറ്റോറിയത്തിൽ വിപുലമായ വിജയാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് ആഘോഷത്തിൽ പങ്കുചേർന്നത്. പതാകകൾ ഏന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ ഓഡിറ്റോറിയത്തെ ആവേശക്കടലാക്കി. മധുരപലഹാര വിതരണവും കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസി മലയാളികളുടെ രാഷ്ട്രീയ സജീവതയും സംഘടനാ കരുത്തും വിളിച്ചോതുന്നതായിരുന്നു ജിദ്ദയിലെ ഈ ഒത്തുചേരൽ.



