തിരുവനന്തപുരം– തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ സജീവമാകുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിച്ചേക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് നടക്കുന്ന നിർണ്ണായക യോഗത്തിൽ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും പങ്കെടുക്കുന്നുണ്ട്. ഓൺലൈൻ വഴിയുള്ള ചർച്ചകൾക്കും സാധ്യതയുണ്ട്. നിയമസഭാ കക്ഷി യോഗത്തിൽ തനിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. വേണുഗോപാൽ. ഡൽഹി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് പ്രവർത്തകർ വലിയ സ്വീകരണമാണ് നൽകിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഭരണപരിചയം ഉയർത്തിക്കാട്ടി രമേശ് ചെന്നിത്തലയും ഘടകകക്ഷികളുടെ പിന്തുണയോടെ വി.ഡി. സതീശനും രംഗത്തുണ്ട്. പാർട്ടി തീരുമാനത്തിന് വിധേയനായി പ്രവർത്തിക്കുമെന്നാണ് സതീശന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഗ്രൂപ്പുകൾക്കിടയിൽ ചർച്ചകൾ കൊഴുക്കുമ്പോഴും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാകും നിർണ്ണായകമാവുക. വരും മണിക്കൂറുകളിൽ തന്നെ ഡൽഹിയിലെ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സൂചന.
മറുഭാഗത്ത്, മുസ്ലിം ലീഗും മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ലീഗിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഇത്തവണ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്നാണ് പ്രാഥമിക തീരുമാനം. എല്ലാ ജില്ലകൾക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിലപാടിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇക്കാര്യത്തിൽ മുന്നണി ചർച്ചകൾ തുടരുകയാണ്.



