തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. പത്തുവർഷം നീണ്ടുനിന്ന ഇടതുപക്ഷത്തിന്റെ തുടർഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. കനത്ത പോരാട്ടത്തിനൊടുവിൽ 102 സീറ്റുകൾ നേടിയാണ് യുഡിഎഫ് തകർപ്പൻ വിജയം ആഘോഷിക്കുന്നത്.
ഭരണവിരുദ്ധ തരംഗവും രാഷ്ട്രീയ വിവാദങ്ങളും ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണത്തെ വലിയ ഭൂരിപക്ഷത്തിൽ നിന്നും വെറും 35 സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുക്കപ്പെട്ടു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ഇടത് ക്യാമ്പിന് ഈ ഫലം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായി ബിജെപി നിയമസഭയിൽ തങ്ങളുടെ സാന്നിധ്യം മൂന്ന് സീറ്റുകളായി വർദ്ധിപ്പിച്ചു. രാജീവ് ചന്ദ്രശേഖർ (നേമം), വി. മുരളീധരൻ (കഴക്കൂട്ടം) എന്നിവരുൾപ്പെടെയുള്ളവരുടെ വിജയങ്ങൾ ബിജെപിക്ക് കേരളത്തിൽ നിർണ്ണായക മുന്നേറ്റം നൽകി.
63 സീറ്റുകൾ നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 27 സീറ്റുകളിൽ മത്സരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് 22 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം സിപിഐഎമ്മിന് 26 സീറ്റും, സിപിഐക്ക് എട്ട് സീറ്റ് മാത്രമാണ് നേടാൻ സാധിച്ചത്. 12 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് എമ്മിന് ഒറ്റ സീറ്റിലും വിജയം നേടാൻ സാധിച്ചിട്ടില്ല.



