മസ്‌കത്ത്– പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സുസ്ഥിരമായ സമാധാനം ഉറപ്പാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും മസ്‌കറ്റിൽ കൂടിക്കാഴ്ച നടത്തി. മസ്‌കറ്റിലെ അൽ ബരാക്ക കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും തർക്കങ്ങൾ പരിഹരിക്കുന്നതിനായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളും ഇരുവരും വിശദമായി വിലയിരുത്തി.
മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾക്കും നയതന്ത്രജ്ഞതയ്ക്കും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത സുൽത്താൻ ഹൈതം ബിൻ താരിഖ് ചർച്ചയിൽ ഊന്നിപ്പറഞ്ഞു. സമാധാനത്തിന്റെ അടിത്തറ ദൃഢമാക്കാൻ ഇത്തരം ചർച്ചകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി മേഖലയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ചും നിലവിലെ പ്രതിസന്ധികൾ മറികടക്കാൻ ഇറാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും സുൽത്താനെ വിശദമായി ധരിപ്പിച്ചു.
പ്രതിസന്ധികൾ ജനജീവിതത്തെ ബാധിക്കാതിരിക്കാൻ സുസ്ഥിരമായ രാഷ്ട്രീയ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിനായുള്ള മധ്യസ്ഥ ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും കൂടിക്കാഴ്ചയിൽ ധാരണയായി. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഒമാൻ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെയും സമാധാനപരമായ നിലപാടുകളെയും അരാഖ്ചി അഭിനന്ദിച്ചു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും സംഭാഷണത്തിന്റെ പാത തുറന്നിടുന്ന ഒമാന്റെ നിലപാട് മാതൃകാപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാൻ വിദേശകാര്യ മന്ത്രാലയമാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.



