ലണ്ടൻ– ഇറാനും അമേരിക്കയും തമ്മിൽ സാധ്യമായേക്കാവുന്ന സമാധാന കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യത്തിൽ പങ്കുചേരാൻ തുർക്കി സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ അറിയിച്ചു. ലണ്ടനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ വിഷയത്തിൽ തുർക്കിയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നത് ഒരു മാനുഷിക കടമയായാണ് തുർക്കി കണക്കാക്കുന്നതെന്നും തത്വത്തിൽ ഈ നീക്കത്തെ രാജ്യം അനുകൂലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ-യുഎസ് സമാധാന കരാർ യാഥാർത്ഥ്യമായാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന ഒരു സാങ്കേതിക സംഘത്തെ മൈൻ നീക്കം ചെയ്യുന്നതിനായി നിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ദൗത്യത്തിന്റെ ഭാഗമാകുന്നതിൽ തുർക്കിക്ക് യാതൊരു തടസ്സവുമില്ലെന്ന് ഫിദാൻ വ്യക്തമാക്കി. എന്നാൽ, ഈ സാങ്കേതിക സഖ്യം ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക സംഘർഷങ്ങളിൽ കക്ഷിയാവുകയാണെങ്കിൽ തുർക്കി തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന അടുത്ത വട്ട ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



