ചെന്നൈ– 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഇന്ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ഇരു സംസ്ഥാനങ്ങളിലും അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ 38 ജില്ലകളിലായി ഏകദേശം 5.73 കോടി വോട്ടർമാരാണുള്ളത്. 4,834 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താനായി 75,032 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 5,949 ബൂത്തുകൾ അതീവ സുരക്ഷാ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 1,06,418 വോട്ടിംഗ് മെഷീനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്, ഇതിൽ 20 ശതമാനം മെഷീനുകൾ കരുതൽ ശേഖരമായും കരുതിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ആദ്യഘട്ടത്തിൽ 16 ജില്ലകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,478 സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന ഈ ഘട്ടത്തിൽ 3.6 കോടി വോട്ടർമാരാണുള്ളത്. ബിജെപി നേതാവ് സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം, തന്ത്രപ്രധാന മേഖലയായ സിലിഗുരി, ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന കൂച്ച് ബെഹാർ, മുർഷിദാബാദ് തുടങ്ങിയ പ്രധാന മണ്ഡലങ്ങളെല്ലാം ഈ ഘട്ടത്തിലാണ് വിധിയെഴുതുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 2,407 കമ്പനി കേന്ദ്രസേനയെയാണ് ബംഗാളിൽ വിന്യസിച്ചിട്ടുള്ളത്.



