മക്ക – ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസിയെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ഈജിപ്ഷ്യന്‍ യുവാവാണ് പിടിയിലായത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. നിയമ ലംഘനം നടത്താന്‍ യുവാവ് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള ദിവസങ്ങളില്‍ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും വിസിറ്റ് വിസക്കാരെ കൊണ്ടുപോകുന്നവര്‍ക്ക് 1,00,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള സന്ദര്‍ശന വിസ ഉടമകളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനവും കണ്ടുകെട്ടും. ഹജ് നിയമ, നിര്‍ദേശങ്ങള്‍ പാലിക്കാനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമപരമായ ശിക്ഷകള്‍ ലഭിക്കും. ഹജ് നിയമ ലംഘകരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



