സൻആ: പടിഞ്ഞാറൻ യെമനിലെ ഹുദൈദ ഗവർണറേറ്റിലെ അൽസൈദിയ ജില്ലയിൽ ഹൂത്തി മിലിഷ്യ ഉപേക്ഷിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുടുംബാംഗങ്ങളിൽ ഒരാൾ വിൽക്കാനായി ശേഖരിച്ച ആക്രിവസ്തുക്കൾക്കിടയിൽ നിന്നാണ് കുഴിബോംബ് കണ്ടെത്തിയത്. വിൽക്കാൻ കഴിയുന്ന എന്തോ ലോഹവസ്തുവാണെന്ന് കരുതി ഇയാൾ ഇത് വീട്ടിലെത്തിക്കുകയും, പൊളിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അൽസരാനീഖ് ബ്രിഗേഡ്‌സ് മീഡിയ ഓഫീസ് അറിയിച്ചു.
അപകടത്തിൽ മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ ഹുദൈദയിലെ അൽതൗറ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. യെമനിൽ ഹൂത്തികളുടെ കുഴിബോംബുകൾ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന പ്രദേശങ്ങളിലൊന്നാണ് ഹുദൈദ. സമീപവർഷങ്ങളിൽ ഇവിടെയുണ്ടായ കുഴിബോംബ് സ്‌ഫോടനങ്ങളിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുള്ളത്.





