കുവൈത്ത് സിറ്റി- കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ അധികൃതർ നടത്തിയ പരിശോധനയിൽ നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായും സ്ഥലങ്ങൾ അനധികൃതമായി ഉപയോഗിച്ചതായും കണ്ടെത്തി. ഇതേത്തുടർന്ന് വിവിധ സ്ഥാപനങ്ങൾക്ക് 12 മുന്നറിയിപ്പ് നോട്ടീസുകൾ അധികൃതർ നൽകി. ഇൻഡസ്ട്രിയൽ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
പബ്ലിക് റിലേഷൻസ് മാനേജ്‌മെന്റ് ടീമും എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി തയ്യാറാക്കിയ മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനകൾ നടന്നത്. നിർമ്മാണ രീതികളിലെ പോരായ്മകളും അനുവദനീയമല്ലാത്ത രീതിയിൽ സ്ഥലങ്ങൾ കൈയേറി ഉപയോഗിച്ചതുമാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. വ്യവസായ മേഖലയിലെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



