വാഷിംഗ്ടൺ– ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ സമാധാന ആഹ്വാനങ്ങളെ തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. മാർപ്പാപ്പയുടെ നിലപാടുകൾ ലിബറൽ ആണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താൻ മാർപ്പാപ്പയുടെ വലിയ ആരാധകനല്ലെന്ന് ട്രംപ് തുറന്നടിച്ചത്. അണുവായുധം നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു രാജ്യത്തോടാണ് മാർപ്പാപ്പ ചങ്ങാത്തം കൂടുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് ആരോപിച്ചു. യുഎസ്-ഇസ്രായിൽ സഖ്യം ഇറാനെതിരെ നടത്തുന്ന നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും നയതന്ത്ര ചർച്ചകൾ വേണമെന്നുമുള്ള മാർപ്പാപ്പയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ യുദ്ധക്കൊതിയന്മാർക്കെതിരെ മാർപ്പാപ്പ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. യുദ്ധം മതിയാക്കൂ, അധികാരപ്രകടനം അവസാനിപ്പിക്കൂ, ജീവിതത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ കരുത്ത് എന്നായിരുന്നു മാർപ്പാപ്പയുടെ വാക്കുകൾ. മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ സ്നേഹത്തിലും മിതത്വത്തിലും വിശ്വസിക്കാൻ അദ്ദേഹം ലോകജനതയോട് ആഹ്വാനം ചെയ്തിരുന്നു.



