ജിദ്ദ: എല്ലാ മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ജിദ്ദ പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി നേതൃസംഗമം അഭിപ്രായപ്പെട്ടു. അഴിമതിയും കവർച്ചയും സി.പി.എം നേതാക്കളിൽ ചെന്നെത്തുകയാണെന്നും നികുതി വർദ്ധനവും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയെന്നും യോഗം കുറ്റപ്പെടുത്തി.
ആർ.എസ്.എസ് – ബി.ജെ.പി അജണ്ടകളുടെ നടപ്പാപ്പുകാരനായി മുഖ്യമന്ത്രി അധഃപതിച്ചിരിക്കുകയാണ്. കോവിഡ് കാലം മുതൽ പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഈ വഞ്ചനയ്ക്ക് പ്രവാസി സമൂഹം ബാലറ്റിലൂടെ മറുപടി നൽകണം. പ്രവാസി സൗഹൃദമായ ഒരു യു.ഡി.എഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസ ധനസഹായം, ഇൻഷുറൻസ് പരിരക്ഷ, പെൻഷൻ വർദ്ധനവ് തുടങ്ങി യു.ഡി.എഫ് പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾ സമാനതകളില്ലാത്ത സാമൂഹിക സുരക്ഷാ പദ്ധതികളാണെന്ന് നേതാക്കൾ പറഞ്ഞു. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും എസ്.ടി.യു നേതാവുമായ കല്ലടി അബൂബക്കർ മുഖ്യാതിഥിയായിരുന്നു. നേതാക്കളായ സി.കെ. റസാഖ് മാസ്റ്റർ, അസ്ഹാബ് വർക്കല, സഹീർ അബ്ദുൽഖാദർ, നാസർ മച്ചിങ്ങൽ, അലി തേക്കുതോട്, ജലാൽ തേഞ്ഞിപ്പലം, അഷ്‌റഫ് അഞ്ചാലൻ, ഇസ്മായിൽ മുണ്ടക്കുളം, അനിൽകുമാർ പത്തനംതിട്ട, ഹുസ്സൈൻ കരിങ്കറ, രാധാകൃഷ്ണൻ കാവുമ്പായ്, സിറാജ് ടി.പി, ആസാദ് പോരൂർ, അബ്ദുൽ നാസർ കെ.വി, സഹീർ മാഞ്ഞാലി, ഹസ്സൻ ബത്തേരി, മനോജ് മാത്യു, എ.കെ. മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ വി.പി. മുസ്തഫ സ്വാഗതവും ഷൗക്കത്ത് നാരക്കോടൻ നന്ദിയും പറഞ്ഞു.



