വാഷിംഗ്ടണ്‍– ഹുര്‍മുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെങ്കിലും ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാനുള്ള സന്നദ്ധത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സഹായികളെ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുര്‍മുസ് കടലിടുക്ക് എന്ത് വില കൊടുത്തും വീണ്ടും തുറക്കുമെന്ന ഭീഷണി നടപ്പാക്കുന്നത് സങ്കീര്‍ണ്ണതകള്‍ കാരണം ട്രംപ് മാറ്റിവെച്ചു. ഇപ്പോള്‍ കടലിടുക്ക് വീണ്ടും തുറക്കാന്‍ ശ്രമിക്കുന്നത് നാല് മുതല്‍ ആറ് ആഴ്ച വരെ യുദ്ധം നീണ്ടുപോകാന്‍ കാരണമാകുമെന്ന് അമേരിക്ക വിശ്വസിക്കുന്നതായി യു.എസ് ഭരണകൂട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പത്രം ഉദ്ധരിച്ചു. മറ്റ് സൈനിക ഓപ്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കാതെ, ഇറാന്‍ നാവികസേനയെ ദുര്‍ബലപ്പെടുത്തുന്നതിലും അതിന്റെ മിസൈല്‍ ശേഷി കുറക്കുന്നതിലും നിലവില്‍ യുദ്ധ ലക്ഷ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.
ഹുര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിന് വീണ്ടും തുറന്നില്ലെങ്കിലും നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ വേഗത്തില്‍ ഫലം നല്‍കിയില്ലെങ്കിലും തന്ത്രപരമായി പ്രധാനപ്പെട്ട ഇറാന്‍ ദ്വീപായ ഖാര്‍ഗ് ദ്വീപ് തുടച്ചുനീക്കക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിലെ ഭരണമാറ്റം എന്ന പ്രഖ്യാപിത ലക്ഷ്യം അമേരിക്കയും ഇസ്രായിലും പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ച് ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാന്‍ ട്രംപ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട ട്രംപിന്റെ ലക്ഷ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് അനുദിനം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹുര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് നേരത്തെ ഇറാന് 48 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. അല്ലാത്ത പക്ഷം ഇറാനിലെ വൈദ്യുതി നിലയങ്ങളും സമുദ്രജല ശുദ്ധീകരണ പ്ലാന്റുകളും തകര്‍ക്കുമെന്നും ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. അന്ത്യശാസനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അഞ്ചു ദിവസത്തേക്ക് കൂടി സമയം നീട്ടിനല്‍കി. ഇത് പിന്നീട് പത്തു ദിവസത്തേക്ക് കൂടി ട്രംപ് നീട്ടി.



