തിരുവനന്തപുരം– കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 9നാണ് കേരളത്തിലെ ജനങ്ങൾ ബൂത്തിൽ എത്തുന്നത്. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണൽ. പത്രികാ സമർപ്പണം മാർച്ച് 23 വരെയും സൂക്ഷമ പരിശോധന മാർച്ച് 24നും നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടവും സംസ്ഥാനത്ത് നിലവിൽ വന്നു. തീയതി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിന്റെയും പ്രചരണത്തിന്റെയും പോരാട്ടത്തിലേക്ക് കേരളം കടന്നുകഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻതന്നെ നടത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാവുകയാണ്. കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകൾ ആണുള്ളത്. ആകെ 2.70 കോടി വോട്ടർമാർ കേരളത്തിൽ വിധി എഴുതും. ഇത്തവണയും സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 1.38 കോടി സ്ത്രീ വോട്ടർമാരാണുള്ളത്. 1.31 കോടി പുരുഷന്മാരും ഇത്തവണ വിധി എഴുതും. കൂടാതെ 277 ട്രാൻസ്ജെൻഡർ വോട്ടർമാരും ബൂത്തിലെത്തും. നൂറു വയസ്സിനു മുകളിലുള്ള 1571 പേരാണ് വോട്ടർ ലിസ്റ്റിൽ ഉരുപ്പെട്ടിരിക്കുന്നത്. 4.24 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണ പോളിംഗ് ബൂത്തിലേക്ക് എത്തും. ജനാധിപത്യ ഉത്സവത്തിൽ യുവത പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
കേരളം കൂടാതെ അസമിലും പുതുച്ചേരിയിലും ഏപ്രിൽ 9 ന് തന്നെയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.



