തെഹ്റാൻ – അമേരിക്ക ഇസ്രായിൽ സംയുക്തമായി ഇറാനിൽ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പറഞ്ഞു. പ്രത്യേകിച്ച് മിനാബ് സ്‌കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ രക്തത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെ വിഭജിക്കാനുള്ള ശത്രുക്കളുടെ ശ്രമങ്ങൾ പരാജയപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. പരമോന്നത നേതാവായി അധികാരമേറ്റതിനു ശേഷം ആദ്യമായിട്ടാണ് പരമോന്നത നേതാവ് പ്രതികരിക്കുന്നത്.
ഹോർമുസ് അടച്ചിട്ട നിലയിൽ തന്നെ തുടരുമെന്നും, യുദ്ധത്തിൽ കടലിടുക്കിനെ തുറുപ്പു ചീട്ടായി ഉപയോഗിക്കേണ്ട ആവശ്യകതയും അദ്ദേഹം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. മേഖലയിലെ ശത്രുതാവളങ്ങൾ രാജ്യങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നു. യുഎസ് താവളങ്ങൾ എത്രയും പെട്ടെന്ന് അടച്ചു പൂട്ടണമെന്നും പ്രാദേശിക രാജ്യങ്ങളോട് ഖാംനഇ ആഹ്വാനം ചെയ്തു.
ഇറാൻ പോരാളികളുടെ പ്രവർത്തനങ്ങളെ അദ്ദേഹമ പ്രശംസിച്ചു. ശത്രുക്കളുടെ പദ്ധതികളെ ശക്തമായ പ്രതിരോധ ആക്രമണത്തിലൂടെ പരാജയപ്പെടുത്തി. നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തെ നിയന്ത്രിക്കാനും വിഭജിക്കാനും കഴിയുമെന്ന മിഥ്യാധാരണ തകർത്ത ധീരരായ പോരാളികൾക്ക് നന്ദിയെന്നും ഖാംനഇ കൂട്ടിച്ചേർത്തു. ശത്രുവിന്റെ എല്ലാ ബലഹീനതകളും മുതലെടുത്ത് ആക്രമണം നടത്തണം. ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചുള്ള വിദഗ്ദ്ധരുടെ അസംബ്ലിയുടെ തീരുമാനം ദേശീയ ടെലിവിഷനിലൂടെയാണ് താൻ അറിഞ്ഞതെന്നും മുജ്തബ ഖാംനഇ പറഞ്ഞു.
‘ഞങ്ങളുടെ പ്രതികാരം ഇതുവരെ പൂർത്തിയായിട്ടില്ല. ശത്രുവിന് അനുഭവപരിചയമില്ലാത്ത മറ്റ് പോരാട്ട മുന്നണികൾ തുറക്കുന്നതിനെ കുറിച്ച് ഇറാൻ പഠനങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിരോധ മുന്നണികൾ ഇറാന്റെ പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. ഇറാൻ സൈന്യം മേഖലയിലെ അമേരിക്കൻ താവളങ്ങളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. അയൽ രാജ്യങ്ങളുമായുള്ള സൗഹൃദത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. പക്ഷേ അവിടെയുള്ള അമേരിക്കൻ താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. അയൽ രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് ഇറാനെ ആക്രമിച്ചിട്ടുണ്ട്. അവയോട് പ്രതികരിക്കേണ്ടത് അനിവാര്യമാണ്. ഞങ്ങൾ ശത്രുക്കളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടും. അവർ വിസമ്മതിച്ചാൽ, ഞങ്ങൾ അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കും’ -മുജ്തബ ഖാംനഇ പറഞ്ഞു.
ഇറാൻ ഔദ്യോഗിക പ്രഖ്യാപനം, ഖാംനഇയുടെ പ്രസ്താവനയെ തന്ത്രപരമായ സന്ദേശം എന്ന് വിശേഷിപ്പിച്ചു. ഇസ്ലാമിക വിപ്ലവത്തിന്റെ രക്തസാക്ഷിത്വം വരിച്ച നേതാവ്, ജനങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും, സായുധ സേനയുടെ ചുമതലകൾ, രാജ്യത്തെ എക്സിക്യൂട്ടീവ് ബോഡികളുടെ ഉത്തരവാദിത്തങ്ങൾ, പ്രതിരോധ മുന്നണിയുടെ പങ്ക്, മേഖലാ രാജ്യങ്ങളുടെ നിലപാട്, ശത്രുക്കളെയും വെല്ലുവിളികളെ നേരിടാനുള്ള സംവിധാനങ്ങൾ എന്നീ ഏഴ് പ്രധാന കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. പുതിയ പരമോന്നത നേതാവായ മുജ്തബ ഖാംനഇക്ക് പരിക്കേറ്റതായി ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് സമ്മതിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഭദ്രമാണെന്നും വിദേശ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.



