കുവൈത്ത് സിറ്റി -കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ കര്‍ക്കശമാക്കാനും ഗതാഗത സംവിധാനം സമഗ്രമായി പരിഷ്‌കരിക്കാനും ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സിംഗ് സംവിധാനമാകും ഇനി നടപ്പാക്കുക. വെറുതെ പാര്‍ക്കിംഗ് പഠിച്ചതുകൊണ്ടോ ക്രമരഹിതമായ മാര്‍ഗങ്ങളിലൂടെയോ ലൈസന്‍സ് നേടാനാകില്ലെന്നും, നിശ്ചിത മണിക്കൂര്‍ (ഉദാഹരണത്തിന് 20 മണിക്കൂര്‍) കൃത്യമായ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ടെസ്റ്റിന് ഹാജരാകാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ ട്രാഫിക് ചിഹ്നങ്ങള്‍ മുതല്‍ സുരക്ഷിതമായ ഡ്രൈവിംഗിന്റെ എല്ലാ വശങ്ങളും വീണ്ടും പഠിച്ച് പ്രാവീണ്യം നേടണം. റോഡുകളിലെ നിയമലംഘനം തടയുന്നതിനോടൊപ്പം തന്നെ നിയമത്തോടുള്ള ആദരവ് വളര്‍ത്തിയെടുക്കണമെന്നും നാഷണല്‍ ഫോറം ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് സ്മാര്‍ട്ട് സര്‍വീസസില്‍ അദ്ദേഹം പറഞ്ഞു. പ്രാദേശിക റൂട്ടുകളെ കുറിച്ച് ധാരണയില്ലാതെ നാവിഗേഷന്‍ ആപ്പുകളെ അന്ധമായി പിന്തുടരുന്ന ടാക്സി ഡ്രൈവര്‍മാര്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത് ഗൗരവത്തോടെ കാണുന്നു. നിയമലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തുന്നത് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും റിക്രൂട്ട്‌മെന്റ് ഭാരവും ഉണ്ടാക്കുന്ന സാഹചര്യത്തില്‍, ഡ്രൈവര്‍മാരെ കുവൈത്തിലെത്തിക്കുന്നതിന് മുമ്പ് തന്നെ അതത് രാജ്യങ്ങളില്‍ വെച്ച് കുവൈത്ത് ട്രാഫിക് നിയമങ്ങളും ഭാഷയും പരിശീലിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂബര്‍, കരീം തുടങ്ങിയ റൈഡ്-ഹെയ്‌ലിംഗ് കമ്പനികള്‍ സ്വദേശി ജീവനക്കാര്‍ക്കായി ഭാവിയില്‍ പ്രത്യേക ക്വാട്ട പാലിക്കേണ്ടി വരുമെന്നും ട്രാഫിക് മേഖലയുടെ വികസനത്തിനായി ആധുനിക സാങ്കേതികവിദ്യയും സ്മാര്‍ട്ട് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്വകാര്യ കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.



