അബുദാബി: ഇന്ന് പുലര്‍ച്ചെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തങ്ങളുടെ ഒരു എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണമുണ്ടായതായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും കമ്പനി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ അഡ്നോക് ടാങ്കറിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. നാവിഗേഷന്‍ സ്വാതന്ത്ര്യം സ്ഥിരീകരിക്കുകയും വാണിജ്യ ഷിപ്പിംഗിനെതിരായ ആക്രമണങ്ങളും അന്താരാഷ്ട്ര സമുദ്ര പാതകളിലെ തടസ്സങ്ങളും നിരാകരിക്കുകയും ചെയ്യുന്ന എക്യരാഷ്ട്രസഭ രക്ഷാ സമിതി പ്രമേയം 2817 ന്റെ നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതും സമ്മര്‍ദ്ദത്തിനും സാമ്പത്തിക ബലപ്രയോഗത്തിനും വേണ്ടി ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നതും കടല്‍ക്കൊള്ളക്ക് തുല്യമാണെന്നും ഇത് പ്രാദേശിക സ്ഥിരതക്കും ജനങ്ങളുടെ സുരക്ഷക്കും ആഗോള ഊര്‍ജ സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ ഉടനടി നിര്‍ത്താനും എല്ലാ ആക്രമണങ്ങളും പൂര്‍ണ്ണമായും അവസാനിപ്പിക്കാനും, പ്രാദേശിക സുരക്ഷ ഉറപ്പാക്കാനും ആഗോള സമ്പദ്വ്യവസ്ഥയുടെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സ്ഥിരത ഉറപ്പാക്കാനും ഹോര്‍മുസ് കടലിടുക്ക് നിരുപാധികമായി വീണ്ടും തുറക്കാനും യു.എ.ഇ ഇറാനോട് ആവശ്യപ്പെട്ടു.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന പതിനഞ്ച് കപ്പലുകള്‍ക്കു നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതായി കമ്പനി ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. അതിന്റെ ഫലമായി ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കപ്പലുകള്‍ക്കും ആസ്തികള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് പ്രാദേശിക വെല്ലുവിളികള്‍ തുടരുന്നുണ്ടെങ്കിലും ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കമ്പനി അറിയിച്ചു.
ഉപഭോക്താക്കളെ പിന്തുണക്കുന്നതിനൊപ്പം തങ്ങളുടെ ആളുകളെയും ആസ്തികളെയും പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഡ്നോക് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യവും വാണിജ്യ ഷിപ്പിംഗിന്റെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ചലനവും ഭീഷണികള്‍, ഉപദ്രവങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കപ്പെടണമെന്ന് അഡ്നോക് പറഞ്ഞു.







