ഗാസ– അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാസയുടെ ഭാവിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ശേഷം ഹമാസ് നേതാക്കള്‍ സുരക്ഷിതമായി മുനമ്പ് വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചില പ്രമുഖ രാഷ്ട്രീയ, സൈനിക നേതാക്കള്‍ സുരക്ഷിതമായ യാത്രക്ക് തയ്യാറെടുക്കുകയാണെന്ന് ഹമാസിലെ ഫീല്‍ഡ്, നേതൃതലങ്ങളില്‍ നിന്നുള്ള മൂന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഗാസ വിടാന്‍ സാധ്യതയുള്ള ഏതാനും നേതാക്കളുടെ പേരുകള്‍ സ്രോതസ്സുകള്‍ പരാമര്‍ശിച്ചു. ഈ യാത്ര കുറഞ്ഞത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന മടക്കമില്ലാത്ത യാത്രയായിരിക്കുമെന്ന് ഇവർ സൂചിപ്പിച്ചു.
ചില നേതാക്കള്‍ ഗാസയിലെ സര്‍ക്കാര്‍ സുരക്ഷാ സേനയെ കുറിച്ച ചര്‍ച്ചകള്‍ക്കായി ഈജിപ്തിലേക്ക് പോകുമെന്നും പിന്നീട് അവര്‍ മടങ്ങിവരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ നേതാക്കള്‍ ഗാസ വിടുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ താന്‍ നിഷേധിക്കുന്നതായും ഈ വിഷയം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും ഗാസക്ക് പുറത്ത് താമസിക്കുന്ന മറ്റൊരു മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞു.
അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗാസ സമാധാന കൗണ്‍സിലില്‍ സ്ഥാപക അംഗമായി ചേരാനുള്ള ട്രംപിന്റെ ക്ഷണം മൊറോക്കൊ ഭരണാധികാരി മുഹമ്മദ് ആറാമന്‍ രാജാവ് സ്വീകരിച്ചതായി മൊറോക്കന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മൊറോക്കന്‍ രാജാവ് ക്ഷണത്തോട് ക്രിയാത്മകമായി പ്രതികരിച്ചുവെന്നും മൊറോക്കോ ഈ കൗണ്‍സിലിന്റെ സ്ഥാപക ചാര്‍ട്ടര്‍ അംഗീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ട്രംപിന്റെ സമഗ്ര സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതിന്റെയും ഗാസ ഭരണത്തിനായുള്ള താല്‍ക്കാലിക പരിവര്‍ത്തന സ്ഥാപനമായി ദേശീയ സമിതി ഔദ്യോഗികമായി സ്ഥാപിച്ചതിന്റെയും പ്രഖ്യാപനത്തെ മൊറോക്കൊ അഭിനന്ദിക്കുന്നതായും മൊറോക്കന്‍ വിദേശ മന്ത്രാലയം പറഞ്ഞു.



