ജിദ്ദ: ഇതാദ്യമായി ഒരു വനിതാ ഐ. എഫ്. എസ് ഉദ്യോഗസ്ഥ ഹജ് കോൺസലായി ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയേറ്റു. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിൽ ബംഗ്ലാദേശ് – മ്യാൻമർ ഡെസ്കിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറിയായി സ്ഥലം മാറിപ്പോയ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജലീലിന്റെ പിൻഗാമിയായാണ് 2021 ബാച്ച് ഐ. എഫ്.എസ് റാങ്ക് ജേതാവും ഫ്രാൻസിലെ മാഴ്സില്ലേയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹെഡ് ഓഫ് ചാൻസറിയുമായിരുന്ന സദാഫ് ചൗധരി കഴിഞ്ഞ ദിവസം ഇന്ത്യൻ ഹജ് – കോമേഴ്സ് വകുപ്പുകളുടെ കോൺസലായി ജിദ്ദയിൽ ചാർജെടുത്തത്.
2026 ലെ ഇന്ത്യക്കാരുടെ ഹജ് നിർവഹണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവർക്കൊപ്പം സദാഫ് ചൗധരിയും പങ്കാളിയാവും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയ കോൺസൽ ( കോമേഴ്‌സ്, പ്രസ്സ്, ഇൻഫർമേഷൻ ആൻഡ് കൾച്ചർ ) മുഹമ്മദ് ഹാഷിം കൈകാര്യം ചെയ്തിരുന്ന കോമേഴ്സ് വകുപ്പിന്റെ ചുമതല കൂടി സദാഫ് ചൗധരി വഹിക്കും.


പ്രസ്സ്, ഇൻഫർമേഷൻ, സാംസ്‌കാരിക വകുപ്പുകളുടെ കോൺസലായി ഹെഡ് ഓഫ് ചാൻസറി കൂടിയായ ഇമാം മെഹ്ദി ഹുസൈൻ ചുമതലയേറ്റു. പശ്ചിമ ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഇമാം ഹുസൈൻ എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ ഇന്ത്യൻ എംബസിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



