വാഷിംഗ്ടൺ- ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചുവെന്നും ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപനത്തിലേക്ക് നീങ്ങുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആറു മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇരുരാജ്യങ്ങളും അവരവരുടെ ദൗത്യം പൂർത്തിയാക്കി വെടിനിർത്തൽ പ്രഖ്യാപിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഏകദേശം ആറു മണിക്കൂറിനുള്ളിൽ ഈ പ്രഖ്യാപനം വരും.
ഈ ഘട്ടത്തിൽ തന്നെ യുദ്ധം അവസാനിച്ചുവെന്ന് കണക്കാക്കാം. ഇറാനാണ് ഔദ്യോഗികമായി വെടിനിർത്തലിന് തുടക്കം കുറിക്കുക. വൈകാതെ ഇസ്രായേലും വെടിനിർത്തും. അടുത്ത ദിവസം ഇത് ലോകത്തെ അറിയിക്കും.
പന്ത്രണ്ടു ദിവസത്തെ യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് മടങ്ങാനുളള ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു.
വർഷങ്ങളോളം നീണ്ടുനിൽക്കാവുന്നതും മിഡിൽ ഈസ്റ്റിനെ മുഴുവൻ നശിപ്പിക്കാവുന്നതുമായ ഒരു യുദ്ധമാണിത്, പക്ഷേ അത് സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല! ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മിഡിൽ ഈസ്റ്റിനെ അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കൻ ഐക്യനാടുകളെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.
ഇറാൻ-ഇസ്രായിൽ യുദ്ധം- കൂടുതൽ വാർത്തകൾക്കായി ക്ലിക്ക് ചെയ്യുക.