ദുബൈ- ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് വേണ്ടി യു എ ഇയിൽ അത്യാധുനിക ആഡംബര യോട്ട് (യൂറോപ്യൻ കാറ്റമരൻ യോട്ട്) ഒരുങ്ങുന്നു. പ്രശസ്ത യോട്ട് നിർമ്മാതാക്കളായ ‘സൺറീഫ് യോട്സിന്റെ’ ഏറ്റവും പുതിയ ‘സൺറീഫ് അൾട്ടിമ 88’ വിഭാഗത്തിൽപ്പെട്ട ആഡംബര യോട്ടാണ് മെസ്സിക്കായി ഓർഡർ ചെയ്തിരിക്കുന്നത്. യു എ ഇയിലെ റാസൽഖൈമയിലുള്ള സൺറീഫിന്റെ അത്യാധുനിക ഷിപ്പ് യാർഡിലാണ് യോട്ടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ഈ മോട്ടോർ കാറ്റമരൻ യാട്ടിന് ഏകദേശം 10.4 മില്യൺ ഡോളർ (ഏകദേശം 87 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുമെന്നാണ് റിപ്പോർട്ടുകൾ
കുടുംബത്തോടൊപ്പവും അതിഥികൾക്കൊപ്പവും കടലിൽ സമയം ചെലവഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന മെസ്സി, തന്റെ ‘എംഐഎം ഓഷ്യൻ’ യോട്ട് ശേഖരത്തിലേക്കാണ് പുത്തൻ ആഡംബര യോട്ട് കൂടി ഉൾപ്പെടുത്തുന്നത്. സ്പെയിനിലെ ബാലിയാറിക് ദ്വീപുകൾ കേന്ദ്രീകരിച്ചായിരിക്കും ഈ യോട്ട് പ്രവർത്തിക്കുകയെന്ന് പോളിഷ് യോട്ട് നിർമ്മാണ കമ്പനിയായ സൺറീഫ് അറിയിച്ചു.
ഒരു മാസ്റ്റർ സ്യൂട്ട് ഉൾപ്പെടെ ആകെ അഞ്ച് ആഡംബര കാബിനുകൾ, വിശാലമായ ഔട്ട്ഡോർ ലോഞ്ചുകൾ, കടലിലേക്ക് നേരിട്ട് ഇറങ്ങാൻ സാധിക്കുന്ന ‘ഓഷ്യൻ ലോഞ്ച്’ എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ജെറ്റ് സ്കീ സൂക്ഷിക്കാനായി പ്രത്യേക ഗാരേജ് സൗകര്യവും ഇതിലൊരുക്കിയിട്ടുണ്ട്. 1000 ഹോഴ്സ്പവർ വീതമുള്ള ഇരട്ട എൻജിനുകളാണ് യോട്ടിന് കരുത്ത് പകരുന്നത്.
റാഫേൽ നദാൽ, റോബർട്ട് ലെവൻഡോവ്സ്കി തുടങ്ങിയ പ്രമുഖ കായികതാരങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മെസ്സിയും സൺറീഫ് യാട്ടിന്റെ ഉപഭോക്താവാകുന്നത്. 2002ൽ പ്രവർത്തനം ആരംഭിച്ച സൺറീഫ് പോളണ്ടിലും യു എ ഇയിലുമാണ് തങ്ങളുടെ ഷിപ്പ്യാർഡുകൾ പ്രവർത്തിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







