റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഒക്ടോബർ 1 മുതൽ ഇതുവരെ ഹൂത്തികൾ 20 ആക്രമണങ്ങൾ നടന്നതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പത്രസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ ഏഴിനും ഒക്ടോബർ 11 നും ഇടയിൽ റിയാദ് എയർപോർട്ടിൽ ഹൂത്തികൾ നടത്തിയ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 333 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 8 ന് മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 10 നാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. അന്ന് 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 11 ലെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 10 ഡ്രോണുകളും മിസൈലുകളും മറ്റ് പ്രൊജക്ടൈലുകളും ഉപയോഗിച്ചാണ് ഒക്ടോബർ 10 ന് വിമാനത്താവളത്തിൽ ആക്രമണം നടത്തിയത്.
മദീനയിലും കിഴക്കൻ പ്രവിശ്യയിലും ഹൂത്തി ആക്രമണശ്രമം
സൗദി അറേബ്യയിലെ ഡസൻ കണക്കിന് വിമാനത്താവളങ്ങൾ, എണ്ണ വ്യവസായ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താൻ ഹൂത്തികൾ ശ്രമിച്ചു. പർവതപ്രദേശങ്ങളിലെ 127 ഹൂത്തി മിലീഷ്യ ആയുധ ഡിപ്പോകൾ സഖ്യസേന തകർത്തു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ ഹൂത്തികൾ നടത്തുന്ന ആക്രമണം പ്രാദേശിക സുരക്ഷക്ക് ഭീഷണിയാണെന്നും മേജർ ജനറൽ തുർക്കി അൽമാലികി റിയാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സൻആ, സഅ്ദ, അംറാൻ എന്നിവിടങ്ങളിൽ ഹൂത്തികൾ പർവത പ്രദേശങ്ങളിൽ ആയുധ സംഭരണ കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും മിസൈലുകൾ വിക്ഷേപിക്കാൻ തുരങ്ക പ്രവേശന കവാടങ്ങളും പർവത വിള്ളലുകളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹൂത്തി മിലീഷ്യ തങ്ങളുടെ യുദ്ധശ്രമത്തിന് ഇന്ധനം നൽകാനായി സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതായി സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക കക്ഷികളുടെ സഹായത്തോടെ അവർ നൂതന സാങ്കേതികവിദ്യകൾ നേടിയിട്ടുണ്ട്.
വിമാനത്താവളങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ആയിരക്കണക്കിന് സിവിലിയൻ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു. സൈനിക നടപടികൾ ആരംഭിച്ചശേഷം 1,104 മിസൈലുകളും 1,135 ഡ്രോണുകളും ഹൂത്തികൾ സൗദിയിലേക്ക് വിക്ഷേപിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങൾക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങളിൽ ആകെ 19 പേർ കൊല്ലപ്പെടുകയും 364 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും സഖ്യസേനാ വക്താവ് അറിയിച്ചു.







