തെഹ്റാന്– ഒമാൻ ഉൾക്കടലിൽ നിരോധിത പ്രദേശം കടക്കാൻ ശ്രമിക്കുന്നതിനിടെ എണ്ണ ടാങ്കറിന് തീപിടുത്തമുണ്ടായതായി ഇറാൻ സൈന്യം അറിയിച്ചു. നിയമങ്ങൾ ലംഘിച്ച് ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത് നിരോധിത പ്രദേശത്തിലൂടെ കടന്നുപോകാൻ ശ്രമിച്ച എണ്ണ ടാങ്കറിനാണ് തീപിടിച്ചതെന്ന് സൈനിക പ്രസ്താവന ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷൻ വ്യക്തമാക്കി.
ട്രാക്കിങ് സംവിധാനങ്ങൾ സ്വിച്ച് ഓഫ് ചെയ്ത് ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു എണ്ണ ടാങ്കറിനും സമാനമായ രീതിയിൽ തീപിടിച്ചിരുന്നു. അനധികൃത വഴിയിലൂടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സമുദ്ര മൈനിൽ ഇടിച്ച് സ്ഫോടനവും അഗ്നിബാധയുമുണ്ടായി ഒരു കണ്ടെയ്നർ കപ്പൽ മുങ്ങിയതായി ഇന്നലെ ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു.
നിയമം ലംഘിച്ച് ഹോർമുസ് കടലിടുക്കിലെ അപകടകരമായ വഴിയിലൂടെ കടന്നുപോകാൻ ശ്രമിച്ച കപ്പൽ മൈനിൽ ഇടിക്കുകയായിരുന്നുവെന്നും, തീപിടുത്തത്തിന്റെ തീവ്രത കാരണം 2,500-ലധികം കണ്ടെയ്നറുകൾ വഹിച്ചിരുന്ന കപ്പൽ കടലിടുക്കിന്റെ തെക്കൻ ജലാശയത്തിൽ മുങ്ങിപ്പോയെന്നും ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.







