മ്യൂണിക്ക് – അലയൻസ് അരീനയിലെ വേദിയിൽ, മുഖത്ത് മനോഹരമായ പുഞ്ചിരിയും കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീരും നിറച്ചുവെച്ച് നാസർ അൽ-ഖലൈഫി കിരീടധാരണത്തിനായി അക്ഷമയോടെ കാത്തിരുന്നു. പാരീസ് സെന്റ് ജർമൻ എന്ന തന്റെ ക്ലബ് ചാംപ്യൻസ് ലീഗ് കിരീടം ചൂടിയതിന്റെ ആഹ്ലാദാരവങ്ങൾക്കിടയിലായിരുന്നു ഖലൈഫി. കോടാനുകോടി ഡോളർ പി.എസ്.ജിക്ക് വേണ്ടി അദ്ദേഹം ഇതിനകം ചെലവിട്ടിട്ടുണ്ട്. എങ്കിലും ഇന്റർമിലാനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോല്പിച്ച് തന്റെ ടീം കിരീടം ചൂടുമ്പോൾ ആഹ്ലാദത്താലും അഭിമാനത്താലും ഖലൈഫിയുടെ കണ്ണുകൾ നിറയുന്നു. ചരിത്രത്തിലാദ്യമായാണ് പി.എസ്.ജി ചാംപ്യൻസ് ലീഗ് കിരീടം ചൂടുന്നത്. എട്ടു പരിശീലകരെയാണ് ഇതോടകം ഖലൈഫി മാറ്റിമാറ്റി പരീക്ഷിച്ചത്. ഫ്രഞ്ച് പ്രസിഡന്റുമാർ തന്നെ ക്ലബ്ബിന്റെ കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ട സംഭവങ്ങൾ. എങ്കിലും ഏറ്റവും ഒടുവിൽ ഈ ഖത്തർ ടീം-പി.എസ്.ജി യൂറോപ്പിന്റെ ചാംപ്യൻമാരായി തലയുയർത്തി നിൽക്കുന്നു.
ബാഴ്സലോണയുമായുള്ള ചടുലമായ മത്സരത്തിന്റെ ആവേശവുമായാണ് ഇന്റർമിലാൻ പി.എസ്.ജിയെ നേരിടാനെത്തിയത്. എന്നാൽ പി.എസ്.ജിയുടെ ഊർജ്ജത്തിനും ഭാവനക്കും അനിയന്ത്രിതമായ പ്രതിഭക്കും മുന്നിൽ ഇന്റർമിലാൻ തെളിമ നഷ്ടമായി, മങ്ങിയും ദുർബലവുമായി കാണപ്പെട്ടു.


റൊമാനിയൻ റഫറിയായ ഇസ്താൻ കോവാക്സ്, മത്സരം 90 മിനിറ്റ് കഴിഞ്ഞ ഉടൻ അവസാനിപ്പിച്ചു. ഇന്ററിനെ അവരുടെ ദുരിതത്തിൽ നിന്ന് കരകയറ്റാനായിരിക്കണം റഫറി ഇങ്ങിനെ ചെയ്തത് എന്നാണ് കളിയെഴുത്തുകാർ പറയുന്നത്. മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളിൽതന്നെ ഫലം ഏറെക്കുറെ വ്യക്തമായിരുന്നു. തന്റെ മുൻ ക്ലബ് കൂടിയായ ഇന്റർമിലാനെതിരെ ആദ്യ ഗോൾ നേടിയത് അഷ്റഫ് ഹാക്കിമി ആയിരുന്നു. ഇരുപതാമത്തെ മിനിറ്റിൽ ഡൗ ലീഡ് ഇരട്ടിയാക്കി. ഒരു മണിക്കൂറിനുശേഷം ഡൗ വീണ്ടും ഗോൾ നേടി. ഇതോടെ പി.എസ്.ജിയുടെ കിരീടധാരണം ഏറെക്കുറെ ഉറപ്പായിരുന്നു. ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ നാലാമത്തെയും പകരക്കാരനായി ഇറങ്ങിയ സെന്നി മയുലു അഞ്ചാമത്തെയും ഗോൾ നേടി.







