റിയാദ്- സൗദി അറേബ്യയുടെ 2026ലെ വാർഷിക ദേശീയ രക്തദാന ക്യാമ്പയിന് തുടക്കമായി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രക്തം ദാനം ചെയ്ത് പദ്ധതിക്ക് സമാരംഭം കുറിച്ചു. സ്വമേധയായുള്ള രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, രക്ത ശേഖരത്തിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കാൻസർ രോഗികൾ, രക്ത വൈകല്യമുള്ളവർ, അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർ എന്നിവരുൾപ്പെടെയുള്ളവരുടെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച സംരംഭത്തിന്റെ തുടർച്ചയായാണ് ഈ വർഷത്തെയും ക്യാമ്പയിനെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ പറഞ്ഞു. കിരീടാവകാശിയുടെ സാന്നിധ്യവും ദാനവും സമൂഹത്തിനാകെ പ്രചോദനമാണെന്ന് വ്യക്തമാക്കിയ ആരോഗ്യ മന്ത്രിയും ചടങ്ങിൽ രക്തം ദാനം ചെയ്തു.
സൗദി വിഷൻ 2030ന്റെ ഭാഗമായുള്ള ഈ സംരംഭത്തിലൂടെ 2025ൽ രക്തദാതാക്കളുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞിരുന്നു. മുൻവർഷത്തെ ക്യാമ്പയിനു ശേഷം രാജ്യത്തെ രക്തബാങ്കുകളിൽ രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 65,000 കടന്നതായും ഇതിൽ 85 ശതമാനത്തിലധികവും പുതിയ ദാതാക്കളാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള രോഗികളുടെ ജീവൻ രക്ഷിക്കാൻ എല്ലാ പൗരന്മാരും താമസക്കാരും രക്തദാനത്തിൽ പങ്കാളികളാകണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







