സന്‍ആ – പതിനഞ്ചു മാസം നീണ്ട ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്നും കരാര്‍ ലംഘിച്ചാല്‍ ആക്രമണം തുടരുമെന്നും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളുടെ നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു. ഫലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ യെമന്‍ തീരത്തിനു സമീപം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നിരന്തരം കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്ന ഹൂത്തികള്‍, ഗാസ സംഘര്‍ഷം അവസാനിച്ചാല്‍ ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തുമെന്ന് വളരെക്കാലമായി പറഞ്ഞിരുന്നു.
2023 നവംബറില്‍ ഹൂത്തികള്‍ ആരംഭിച്ച ആക്രമണങ്ങള്‍ അന്താരാഷ്ട്ര വാണിജ്യത്തെ തടസ്സപ്പെടുത്തി. ചില കപ്പലുകള്‍ സൂയസ് കനാലിനു പകരം ദക്ഷിണാഫ്രിക്കക്ക് ചുറ്റുമുള്ള ദീര്‍ഘദൂര പാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി. ഇത് ഇന്‍ഷുറന്‍സ് നിരക്കുകള്‍, ഡെലിവറി ചെലവുകള്‍, സമയം എന്നിവ വര്‍ധിക്കാന്‍ കാരണമായി. ഇത് ആഗോള തലത്തില്‍ പണപ്പെരുപ്പം വര്‍ധിച്ചേക്കുമെന്ന ഭയത്തിന് ഇടയാക്കി. 2014 അവസാനത്തോടെ യെമനില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഹൂത്തികള്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ യെമന്റെ മിക്ക ഭാഗങ്ങളും നിയന്ത്രിക്കുന്നു. പതിനഞ്ചു മാസത്തിനിടെ ഹൂത്തികള്‍ രണ്ട് കപ്പലുകള്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും നാലു കപ്പല്‍ ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യെമനില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഇസ്രായിലിനു നേരെ ഹൂത്തികള്‍ പലതവണ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഹൂത്തി ലക്ഷ്യങ്ങള്‍ ആക്രമിച്ച് ഇസ്രായില്‍ ഇതിന് തിരിച്ചടി നല്‍കി. കഴിഞ്ഞയാഴ്ച ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ യെമനില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള രണ്ട് തുറമുഖങ്ങളിലും ഒരു വൈദ്യുതി നിലയത്തിലും ബോംബാക്രമണം നടത്തിയിരുന്നു.
ഹൂത്തികള്‍ക്കെതിരായ ആക്രമണം ഇസ്രായില്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് കഴിഞ്ഞ മാസം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ചെങ്കടലിലെ വാണിജ്യപാത സംരക്ഷിക്കാന്‍ 2023 ഡിസംബറില്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് അമേരിക്ക ഒരു ബഹുരാഷ്ട്ര ഓപ്പറേഷന്‍ ആരംഭിക്കുകയും ഹൂത്തികളുടെ ആയുധ സംഭരണ കേന്ദ്രങ്ങളും ഹൂത്തി ശക്തികേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആവര്‍ത്തിച്ച് വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ശക്തമായ ഹൂത്തി ആക്രമണങ്ങള്‍ തടയാനും പ്രധാന സമുദ്ര വ്യാപാര പാത സംരക്ഷിക്കാനും കഴിഞ്ഞ ഫെബ്രുവരിയില്‍ യൂറോപ്യന്‍ യൂണിയന്‍ ആസ്പിഡെസ് എന്നറിയപ്പെടുന്ന സ്വന്തം ചെങ്കടല്‍ ദൗത്യം ആരംഭിച്ചു.
ഇറാന്റെ ഇസ്രായേല്‍ വിരുദ്ധ, പാശ്ചാത്യ വിരുദ്ധ പ്രാദേശിക സായുധ സംഘങ്ങളുടെ സഖ്യമായ ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിലെ ഏറ്റവും പുതിയ ഘടകമാണ് ഹൂത്തികള്‍. ഹമാസ്, ലെബനോനിലെ ഹിസ്ബുല്ല, ഇറാഖിലെ ശിയാ സായുധ ഗ്രൂപ്പുകള്‍ എന്നിവയും ഇറാന്റെ പ്രാദേശിക സായുധ സംഘങ്ങളില്‍ ഉള്‍പെടുന്നു. ഹമാസിനും ലെബനോനിലെ ഹിസ്ബുല്ലക്കും ഇസ്രായേല്‍ ഗുരുതരമായ പ്രഹരങ്ങളേല്‍പിച്ചു. അവരുടെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയും ആയുധശേഖരം കുറക്കുകയും ചെയ്തു. ഇതിന്റെ അനന്തരഫലമെന്നോണം സിറിയയില്‍ പതിറ്റാണ്ടുകളായി നിലനിന്ന ബശാര്‍ അസദ് ഭരണകൂടവും അട്ടിമറിക്കപ്പെട്ടു.