തിരുവനന്തപുരം- ആർ.എസ്.എസ് നേതാവ് ദത്തോദ്രയ ഹൊസബലെയുമായി ആകെ അഞ്ചു മിനിറ്റ് മാത്രമാണ് ചർച്ച നടത്തിയതെന്നും വെറും പരിചയപ്പെടൽ മാത്രമാണ് നടന്നതെന്നും എ.ഡി.ജി.പി അജിത് കുമാർ. ഡി.ജി.പിക്ക് നൽകിയ മൊഴിയിലാണ് അജിത്കുമാർ ഇക്കാര്യം പറഞ്ഞത്.
അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഗൂഢാലോചനയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും, കള്ളക്കടത്ത് സംഘത്തിനും പങ്കുണ്ടെന്നും അദ്ദേഹം മൊഴി നൽകി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും എം ആർ അജിത് കുമാർ മൊഴി നൽകി.
എല്ലാ പാർട്ടികളുടെയും നേതാക്കളെയും പരിചയപ്പെടാറുണ്ട്. രാംമാധവിനെ കണ്ടത് തിരുവനന്തപുരം ലീല ഹോട്ടലിൽ നടന്ന ഇന്ത്യ ടുഡേ കോൺക്ലെവിലാണ്. റാവിസ് വൈസ് പ്രസിഡന്റ് ആശിഷ് ആണ് കൂടെയുണ്ടായിരുന്നതെന്നും എഡിജിപി മൊഴി നൽകി.
ദത്താത്രേയ ഹൊസബലെയെ കണ്ടത് തൃശൂരിൽ സുഹൃത്തു ജയകുമാറിനൊപ്പമാണ്. ഇവരെ കാണാൻ അവസരം ഉണ്ടായപ്പോൾ തനിച്ചാണ് കണ്ടത്. കൂടികാഴ്ച്ച പരിചയപെടൽ മാത്രമായിരുന്നു. മുൻ എസ് പി ഉണ്ണിരാജനും കൂടെയുണ്ടായിരുന്നു. എല്ലാ സംഘടനാ നേതാക്കളെയും പരിചയപ്പെടുന്നുണ്ട്. ഇത് ലോ ആന്റ് ഓർഡർ പ്രവർത്തനത്തിന് ഗുണം ചെയ്യാറുണ്ട്. രാഹുൽ ഗാന്ധിയെയും പരിചയപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ ഏത് അന്വേഷണവും നടത്താമെന്നും അദ്ദേഹം മൊഴിയിൽ പറയുന്നു.