ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമവാർഷികത്തിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഏറനാടൻ മണ്ണിൽ ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടിക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രശംസിക്കപ്പെടുകയുണ്ടായി.
സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം തീരാ നഷ്ടമാണെന്നും അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തി.
ഒഐസിസി ഗ്ലോബൽ കമ്മറ്റി പ്രതിനിധികളായ മുസ്തഫ പെരുവള്ളൂർ, അലി തേക്ക്തോട്, റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി ആസാദ് പോരൂർ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി, തുടങ്ങി ഗ്ലോബൽ നാഷണൽ ജില്ലാ ഏരിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മലപ്പുറം ജില്ല കമ്മിറ്റിയുടെ സജീവ പ്രവർത്തകൻ കുഞ്ഞാലി പോത്തുകല്ലിന് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് മൊമെന്റോ നൽകി. കമാൽ കളപ്പാടൻ സ്വാഗതവും, സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.