തബൂക്ക് – സൗദി ബാലനെ അതിക്രൂരമായി കൊലപ്പെടുത്തിയ എത്യോപ്യന്‍ വേലക്കാരിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ബാലന്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഗുദയാന്‍ അല്‍ബലവിയെ മര്‍ദിച്ചും വടി ഉപയോഗിച്ച് അടിച്ചും ബോക്‌സില്‍ അടച്ചും ശ്വാസംകിട്ടാതിരിക്കാന്‍ മുഖംമൂടിയും കൊലപ്പെടുത്തിയ അലീമ ഫികാഡൊ തസീജായ്ക്ക് തബൂക്കില്‍ ആണ് ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ റമദാന്‍ അവസാനിത്തിലാണ് കേസിനാസ്പദമായ സംഭവം.
അഞ്ചു വയസുകാരന്‍ മുഹമ്മദ് അല്‍ബലവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ബാലന്റെ കുടുംബാംഗങ്ങള്‍ ആര്‍ക്കെതിരെയും ആരോപണമോ സംശയമോ ഉന്നയിച്ചിരുന്നില്ല. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങളൊന്നും തുടക്കത്തില്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഊര്‍ജിതമായ അന്വേഷണത്തിലൂടെ കേസിന് തുമ്പുണ്ടാക്കാനും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും പോലീസിന് സാധിച്ചു.
സംഭവ ദിവസം ഇഫ്താറിനു തൊട്ടു മുമ്പാണ് വീട്ടിലെ ഇളയ മകനെ കാണാതായതെന്ന് കുടുംബം പോലീസില്‍ മൊഴിനല്‍കി. പിന്നീട് സ്ത്രീകളുടെ മുറിയില്‍ മരപ്പെട്ടിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ ബാലനെ കണ്ടെത്തി. മുറിയിലെ നമസ്‌കാര പടത്തിലും ബ്ലാങ്കറ്റിലും രക്തപ്പാടുകളും കണ്ടെത്തി. കുടുംബത്തിന്റെ സാഹചര്യങ്ങളും സ്ഥിതിഗതികളും വീട്ടില്‍ താമസിക്കുന്നവരെ കുറിച്ചും പഠിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതില്‍ നിന്ന് 19 കാരിയായ എത്യോപ്യന്‍ വേലക്കാരിയെ കുറിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. തീര്‍ത്തും സ്വാഭാവിക രീതിയിലാണ് വേലക്കാരി പെരുമാറിയിരുന്നത്. ഭീതിയുടെയോ പരിഭ്രമത്തിന്റെയോ ഒരുവിധ ലാഞ്ചനയും ഇവരില്‍ പ്രകടമായിരുന്നില്ല.
കൊലപാതകം നടത്തിയ ശേഷം മുറിയിലെ രക്തം തുണി ഉപയോഗിച്ച് തുടക്കുകയും കഴുകുകയും ചെയ്ത വേലക്കാരി ബാലനെ അടിക്കാന്‍ ഉപയോഗിച്ച വടി വലിയ പ്ലാസ്റ്റിക് കീസില്‍ ഒളിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം പിന്നീട് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചു. വീട്ടില്‍ തിരിച്ചെത്തിയ വേലക്കാരി സാധാരണ നിലയില്‍ ജോലികളില്‍ മുഴുകി. ഇവര്‍ കൊലപാതകം നടത്തുന്നതും തെളിവുകള്‍ നശിപ്പിക്കുന്നതും സംശയകരമായ നീക്കങ്ങള്‍ നടത്തുന്നതും ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ വേലക്കാരി സംഭവത്തില്‍ തനിക്ക് ഒരുവിധ ബന്ധവുമില്ലെന്ന് വാദിച്ചു.
വിശദമായ ചോദ്യം ചെയ്യലില്‍ യുവതി പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. മര്‍ദിക്കുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബാലന്റെ ദേഹത്തു നിന്ന് രക്തം ഒലിക്കാന്‍ തുടങ്ങി. ഇതോടെ ബാലനെ എടുത്തുകൊണ്ടുപോയി റൂമിലെ മരപ്പെട്ടിയില്‍ ഒളിപ്പിച്ചു. കരയാനും നിലവിളിക്കാനും തുടങ്ങിയതോടെ നമസ്‌കാരപടം ഉപയോഗിച്ച് ബാലനെ ശ്വാസംമുട്ടിക്കുകയും മരപെട്ടി അടക്കുകയുമായിരുന്നെന്ന് യുവതി അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി. ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ വേലക്കാരി കുറ്റസമ്മതം നടത്തിയ കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തു.