കണ്ണൂർ – അച്ഛനും മക്കളും ചേർന്ന് അയൽവാസിയെ അടിച്ചു കൊന്നു. നാല് പേർ കസ്റ്റഡി കസ്റ്റഡിയിൽ. കണ്ണൂർ ചെട്ടിപ്പീടിക നമ്പ്യാർമൊട്ട സ്വദേശി അജയകുമാർ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതുമായി . ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
സംഭവത്തിൽ അയൽവാസികളായ ടി ദേവദാസ്, മകൻ സഞ്ജയ് ദാസ്, മകൻ്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരെ കസ്റ്റഡിയിലെടുത്തു. ദേവദാസിന്റെ വീട്ടിൽ നിന്നും കാർ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് അജയ് കുമാർ ചോദ്യം ചെയ്തത് വാക്ക് തർക്കത്തിലും തുടർന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
വൈകുന്നേരം വാക്കു തർക്കത്തെ തുടർന്ന് ഇവരെ നാട്ടുകാർ പിടിച്ചുമാറ്റിയിരുന്നു. എന്നാൽ സംഘം രാത്രി വീണ്ടും അജയ് കുമാറിന്റെ വീട്ടിലേക്ക് തിരിച്ചെത്തുകയും കല്ലും വടികളും ഹെൽമെറ്റും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് അജയകുമാർ മരണപ്പെട്ടു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ഇവർ തമ്മിൽ പ്രശ്നമുണ്ടായിരുന്നില്ല. ദേവദാസും മക്കളും മദ്യപിച്ചിരുന്നുവെന്നാണ് പറയുന്നത്.