ഇസ്ലാമാബാദ്: യെമനിലെ ഹൂത്തി വിമതര്‍ മേഖലയില്‍ തുടരുന്ന ആക്രമണങ്ങളെ മക്ക പ്രതിരോധ സഖ്യത്തില്‍ ഉള്‍പ്പെട്ട പാകിസ്ഥാന്, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. പരസ്പര ബന്ധവും പ്രതിരോധ സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ ഇസ്ലാമാബാദില് ചേര്‍ന്ന ഉന്നതതല യോഗം പ്രതിജ്ഞയെടുത്തു.
ആക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കുമെന്ന് ഉറപ്പുനല്‍കുന്ന നാറ്റോ മാതൃകയിലുള്ള പ്രതിരോധ കരാറില്‍ ഈ മൂന്ന് രാജ്യങ്ങളും കഴിഞ്ഞ ഓഗസ്റ്റില്‍ ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ-പ്രതിരോധ മന്ത്രിമാരും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഇസ്ലാമാബാദില് കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലെയും സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
“സൗദി അറേബ്യയിലെ സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ നടത്തുന്ന തുടര്‍ച്ചയായതും ക്രൂരവുമായ ആക്രമണങ്ങളെ മൂന്ന് രാജ്യങ്ങളും ശക്തമായി അപലപിക്കുന്നു. സൗദി അറേബ്യയുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കാന്‍ ആ രാജ്യത്തെ പിന്തുണയ്ക്കാനുള്ള കൂട്ടായ തീരുമാനം യോഗം ആവര്‍ത്തിച്ചുറപ്പിച്ചു,” കൂടിക്കാഴ്ചയുടെ സമാപനത്തില്‍ പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാര്‍ വ്യക്തമാക്കി.
പ്രതിരോധ വ്യവസായങ്ങള്‍, സംയുക്ത സാങ്കേതിക വികസനം, പരിശീലനം, ശേഷി വര്‍ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കാനും രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. യെമനിലെ ആഭ്യന്തര യുദ്ധം ജൂലൈയില്‍ രൂക്ഷമായതുമുതല്‍ സൗദി അറേബ്യയിലെ നഗരങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍, കപ്പല്‍ ഗതാഗതം എന്നിവ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയാണ്.



