കുവൈത്ത് സിറ്റി– കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തിലുണ്ടായ ഇറാന് ആക്രമണങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അല്‍സാലിം അല്‍സ്വബാഹും സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദരാജ് സഅദ് അല്ശുറൈആനും സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചറിഞ്ഞ മന്ത്രി, ഇവര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
വ്യാഴാഴ്ച കുവൈത്തിലെ വ്യോമപ്രതിരോധ സംവിധാനത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജര്‍മ്മന്‍ പ്രതിരോധ കരാര്‍ കമ്പനിയായ റൈന്മെറ്റാലിലെ സാങ്കേതിക ജീവനക്കാരായ രണ്ട് ഇറ്റാലിയന്‍ പൗരന്മാര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഒരു കുവൈത്ത് പൗരനും ഒരു പാകിസ്ഥാന് പൗരനും പരിക്കേല്‍ക്കുകയും ചെയ്തു.

ഇറാന് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു
മാസങ്ങള്‍ക്ക് ശേഷമുണ്ടായ ഈ മാരകമായ ആക്രമണത്തിന് പിന്നാലെ, കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാന് അംബാസഡര്‍ മുഹമ്മദ് ടോട്ടോന്ജിയെ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രേഖാമൂലം ശക്തമായ പ്രതിഷേധം അറിയിച്ചു. കുവൈത്തിന് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളിലും രണ്ട് ഇറ്റാലിയന്‍ പൗരന്മാര് കൊല്ലപ്പെട്ട സംഭവത്തിലും കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയുമായി തര്‍ക്കം തുടരുന്നതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തിനും ബഹ്റൈനും നേരെ ഇറാന് ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
ആരോപണം നിഷേധിച്ച് ഇറാന്
എന്നാല്‍, ഈ ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി, കുവൈത്ത് വിദേശകാര്യ മന്ത്രി ജറാഹ് ജാബര്‍ അല്‍അഹ്മദ് അല്‍സ്വബാഹ്, ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി എന്നിവരുമായി ഫോണില്‍ സംസാരിച്ച് ഇറാന്റെ പങ്കാളിത്തം നിഷേധിച്ചു. സംഭവത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തില്‍ കുവൈത്തുമായും ഇറ്റലിയുമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായി ഇറാന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അപലപിച്ച് ഐക്യരാഷ്ട്രസഭ
കുവൈത്തിന് നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. മേഖലയിലെ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സെക്രട്ടറി ജനറല്‍, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചതായും അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാരിക് വ്യക്തമാക്കി.



