ജിദ്ദ– സൗദിയിലെ വിമാനക്കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരില്‍ നിന്ന് 1,235 പരാതികള്‍ ലഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. ബാഗേജ്, ടിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
വിമാനക്കമ്പനികളുടെ പ്രകടനം
- സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ): ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് സൗദിയക്കെതിരെയാണ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 23 പരാതികള്‍ എന്ന തോതിലാണ് ലഭിച്ചത്. ഇവയില്‍ 100 ശതമാനം പരാതികള്‍ക്കും കൃത്യസമയത്ത് കമ്പനി പരിഹാരം കണ്ടു.
- ഫ്ലൈ നാസ്: ഒരു ലക്ഷം യാത്രക്കാര്‍ക്ക് 44 പരാതികളും 100 ശതമാനം പരിഹാര നിരക്കും നേടി രണ്ടാം സ്ഥാനത്തെത്തി.
- ഫ്ലൈ അദീല്‍: ഒരു ലക്ഷം യാത്രക്കാര്‍ക്ക് 87 പരാതികളും 91 ശതമാനം പരിഹാര നിരക്കുമായി മൂന്നാം സ്ഥാനത്താണ്.
- റിയാദ് എയര്‍: ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് റിയാദ് എയറിനെതിരെയാണ് (ഒരു ലക്ഷം യാത്രക്കാര്‍ക്ക് 270 പരാതികള്‍). ലഭിച്ച പരാതികളില്‍ 92 ശതമാനത്തിനും നിശ്ചിത സമയത്തിനകം പരിഹാരം കണ്ടു.
വിമാനത്താവളങ്ങളുടെ പട്ടിക
- വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ (പ്രതിവര്‍ഷം 60 ലക്ഷത്തിലധികം യാത്രക്കാര്‍): മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെയാണ് ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 0.1 എന്ന നിരക്കില്‍ ആകെ അഞ്ച് പരാതികള്‍ മാത്രമാണ് ലഭിച്ചത്. ഇവയെല്ലാം കൃത്യസമയത്ത് പരിഹരിച്ചു.
- ചെറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ (60 ലക്ഷത്തില്‍ താഴെ യാത്രക്കാര്‍): അല്‍ഖസീമിലെ പ്രിന്‍സ് നായിഫ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമതെത്തി. ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഒന്ന് എന്ന തോതില്‍ ആകെ മൂന്ന് പരാതികളാണ് ലഭിച്ചത്. ഇവയ്ക്കെല്ലാം നിശ്ചിത സമയത്തിനകം പരിഹാരം കണ്ടു.
- ആഭ്യന്തര വിമാനത്താവളങ്ങള്‍: അല്‍ബാഹയിലെ കിംഗ് സൗദ് വിമാനത്താവളം ഏറ്റവും കുറഞ്ഞ പരാതി നിരക്കുമായി ഒന്നാമതെത്തി. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 6 എന്ന നിരക്കില്‍ ആകെ ഒരു പരാതി മാത്രമാണ് ലഭിച്ചത്. ഇതും കൃത്യസമയത്ത് പരിഹരിച്ചു.
സേവന നിലവാരം മെച്ചപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനും കമ്പനികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് പ്രതിമാസ റിപ്പോര്‍ട്ട് പുറത്തുവിടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകീകൃത കോള്‍ സെന്റര്‍ (1929), വാട്ട്സ്ആപ്പ് സേവനം (0115253333), വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴി പരാതികള്‍ അറിയിക്കാവുന്നതാണ്.



